News - 2025

അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളുടെ സംരക്ഷണത്തിനു അമേരിക്ക പ്രതിജ്ഞാബദ്ധം: യു‌എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്‌

സ്വന്തം ലേഖകന്‍ 12-05-2017 - Friday

വാഷിംഗ്ടണ്‍: അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളുടെ കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് വൈസ്‌ പ്രസിഡന്റ് മൈക്ക് പെന്‍സ്‌. ലോകമാകമാനമുള്ള അടിച്ചമര്‍ത്തപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇന്നലെ ആരംഭിച്ച ആഗോള ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവേയാണ് വിശ്വാസികളുടെ സംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന്‍ പെന്‍സ്‌ പറഞ്ഞത്‌. സുവിശേഷ പ്രഘോഷകനായ ഫ്രാങ്ക്ലിന്‍ ഗ്രഹാമിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.

ആഗോള തലത്തില്‍ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തലിനു വിധേയമാകുന്നു എന്ന കാര്യം വളരെക്കാലമായി അമേരിക്കന്‍ ഗവണ്‍മെന്റിനെ അലോസരപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്നും ഇതിനാല്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ വിദേശനയത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഐ‌എസ്ന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകളെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അമേരിക്കയെ വേദനിപ്പിച്ചിരിക്കുന്നു അതിനാലാണ് താന്‍ ഇവിടെ വന്നിരിക്കുന്നത്. തീവ്രവാദ ഗ്രൂപ്പുകളെ നമ്മള്‍ തടയാത്തിടത്തോളം കാലം തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തുകയില്ല. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തില്‍ അവരെ തടയുമെന്നും ക്രിസ്തുവിന്റെ അനുയായികള്‍ക്കൊപ്പം എപ്പോഴും അമേരിക്ക ഉണ്ടായിരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടാണ് മൈക് പെന്‍സ്‌ തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്.

അമേരിക്കന്‍ വൈസ്‌ പ്രസിഡന്റിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സിലുള്ളവര്‍ വരവേറ്റത്‌. മൈക് പെന്‍സിനെ കൂടാതെ, ഫ്രാങ്ക്ലിന്‍ ഗ്രഹാമും, വിവിധ ക്രിസ്തീയ നേതാക്കളും കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയുണ്ടായി. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു പ്രസിഡന്റും, സഭയെ പിന്തുണക്കുകയും തന്റെ വിശ്വാസം വെളിപ്പെടുത്തുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ഒരു വൈസ്‌ പ്രസിഡന്റും ഒനമ്മുടെ ഭാഗ്യമാണെന്നും ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു. 136 രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കഴിഞ്ഞ അമേരിക്കന്‍ ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ബില്ലില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ്‌ വെച്ചിരിന്നു.

More Archives >>

Page 1 of 175