News - 2025

ഗർഭഛിദ്രം കൊലപാതകമായി പ്രഖ്യാപിക്കുന്ന പ്രമേയം ഒക്‌ലഹോമ പാസ്സാക്കി

സ്വന്തം ലേഖകന്‍ 12-05-2017 - Friday

ഒക്‌ലഹോമ: ഗർഭച്ഛിദ്രത്തെ കൊലപാതകമായി പ്രഖ്യാപിക്കുന്ന പ്രമേയം ഒക്‌ലഹോമ പ്രതിനിധി സഭ പാസ്സാക്കി. 'ഹൗസ് റെസല്യൂഷൻ 1004' എന്ന പേരിൽ തിങ്കളാഴ്ച പാസ്സാക്കിയ ബില്ലിന്റെ പകർപ്പു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും ഉടൻ കൈമാറും. അബോർഷൻ തടയുന്നതിനുള്ള നടപടികളെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്ന് പ്രമേയം ശുപാർശ ചെയ്യുന്നുണ്ട്.

ഡോക്ടർമാര്‍ക്കോ കുഞ്ഞിന്റെ പിതാവിനോ അമ്മയ്ക്കോ നിയമപാലകര്‍ക്കോ ഗർഭത്തിൽ ഉരുവാകുന്ന കുഞ്ഞിനെ ജനിക്കുന്നതിനു മുൻപു കൊല്ലുന്നതിനുള്ള അവകാശമില്ലെന്നു പ്രമേയം അവതരിപ്പിച്ച ചക്ക് സ്ട്രോം പറഞ്ഞു. ദൈവീകനിയമങ്ങൾ ഗർഭചിദ്രത്തെ അംഗീകരിക്കുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

"യു.എസ് ഭരണഘടന പ്രകാരം മനുഷ്യ ജീവന് സ്വാതന്ത്ര്യവും സന്തോഷത്തോടെ വ്യാപരിക്കാനുള്ള നിയമസംരക്ഷണവും ഉറപ്പ് വരുത്തുന്നു. അതിനാൽ എച്ച് ആർ 1004 നിയമത്തിന് രണ്ട് ദൗത്യങ്ങളുണ്ട്- ഗർഭസ്ഥ ശിശുക്കളെ അബോർഷൻ ചെയ്യുന്നത് കൊലപാതകമായി പരിഗണിക്കുക. നിയമപാലകര്‍ക്കു തങ്ങളുടെ നിയമപരിധിയിൽ ഗർഭസ്ഥ ശിശുക്കളുടെ കുരുതി തടയാൻ എല്ലാ മാർഗ്ഗങ്ങളും അവലംബിക്കണം". പ്രമേയത്തിൽ പറയുന്നു.

നിലവിൽ ഒക്‌ലഹോമയിൽ അമ്മയുടെ ജീവന് ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിൽ കൗൺസലിങ്ങിന് വിധേയയായി 72 മണിക്കൂറിന് ശേഷം മാത്രമേ ഭ്രൂണഹത്യയ്ക്ക് അനുമതി നല്കൂ. ജീവന് അപകടമില്ലാത്തവരിൽ 20 ആഴ്ചകൾ വരെ അബോർഷൻ അനുവദിച്ചിരുന്നു. ഇതു വരെ കണക്കാക്കിയിരുന്ന ഇത്തരം അബോർഷൻ നിയമ വ്യവസ്ഥകൾ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ അസാധുവാകും.

More Archives >>

Page 1 of 175