News - 2025
ഫ്രാന്‍സിസ് പാപ്പയുടെ 15ാമത് ഇടവകാസന്ദര്‍ശനം ഞായറാഴ്ച
സ്വന്തം ലേഖകന്‍ 18-05-2017 - Thursday
വത്തിക്കാന്‍ സിറ്റി: റോമാ രൂപതയിലെ ഫ്രാന്‍സിസ് പാപ്പയുടെ പതിനഞ്ചാമത് ഇടവകസന്ദര്‍ശനം മെയ് 21 ഞായറാഴ്ച നടക്കും. വത്തിക്കാനില്‍നിന്നും 24 കിലോമീറ്റര്‍ മാറി റോമാ നഗരത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കസാല്‍ ബര്‍ണോക്കി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ പീറ്റര്‍ ഡാമിയന്‍റെ നാമത്തിലുള്ള ഇടവകയാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. ഇടവക വികാരി ഫാദര്‍ ലൂചിയോ കോപ്പായാണ് മാര്‍പാപ്പ ഇടവക സന്ദര്‍ശിക്കുമെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വൈകീട്ട് 4-മണിക്ക് ഇടവകയിലെത്തുന്ന മാര്‍പാപ്പയെ വൈദികര്‍, ഇടവകാ സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. രോഗികള്‍, വയോജനങ്ങള്‍, യുവജനങ്ങള്‍, സ്ഥൈര്യലേപനം സ്വീകരിക്കാന്‍ ഒരുങ്ങുന്ന കുട്ടികള്‍, ഈ വര്‍ഷം ഇടവകയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച കുട്ടികളും അവരുടെ മാതാപിതാക്കള്‍ എന്നിവരുമായി മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. 6 മണിക്ക് ഇടവക സമൂഹത്തോടൊപ്പം പരിശുദ്ധ പിതാവ് സമൂഹബലിയര്‍പ്പിക്കും. 1972-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായും, 1988-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാന്‍ പാപ്പായും ഈ ഇടവക സന്ദര്‍ശിച്ചിട്ടുണ്ട്.