News - 2025
പോളണ്ടിന്റെ പ്രോലൈഫ് നിലപാടിനെതിരെ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനം
സ്വന്തം ലേഖകന്‍ 16-05-2017 - Tuesday
ജനീവ, സ്വിറ്റ്സര്‍ലന്‍ഡ്: അബോര്‍ഷനെതിരായ നിയമങ്ങളുടെ പേരില്‍ പോളണ്ടിന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്നും കടുത്ത വിമര്‍ശനം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജനീവയില്‍ വെച്ച് നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചക്കിടയിലാണ് പോളണ്ടിന് തങ്ങളുടെ പ്രൊലൈഫ് നിയമങ്ങളുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനത്തിന് ഇടയാകേണ്ടി വന്നത്.
കത്തോലിക്കാ ഭൂരിപക്ഷരാജ്യമായ പോളണ്ടില്‍, മാതാവിന്റെ ജീവന് അപകടമായേക്കാവുന്ന സാഹചര്യത്തിനു പുറമേ, ഗര്‍ഭാവസ്ഥയില്‍ കുട്ടിക്കുണ്ടാകുന്ന മാരകമായ അസുഖം, ബലാത്സംഗം, വ്യഭിചാരം എന്നീ സാഹചര്യങ്ങളില്‍ ഒഴികെ അബോര്‍ഷന്‍ നടത്തുന്നത് നിയമപരമായി കുറ്റകരമാണ്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് രാജ്യം കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലായിരുന്നപ്പോള്‍ അബോര്‍ഷന്‍ പോളണ്ടില്‍ നിയമപരമായിരുന്നു.
മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സമിതിയാണ് മനുഷ്യാവകാശ സമിതി. യുഎന്‍ ജനറല്‍ അസ്സംബ്ലി തന്നെയാണ് ഈ സമിതിയെ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ 47-ഓളം രാഷ്ട്രങ്ങള്‍ ഈ സമിതിയില്‍ അംഗമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ നടത്തുന്നതിനുള്ള സ്വാതന്ത്ര്യം പോളണ്ട് നല്‍കണമെന്ന ആവശ്യവുമായി നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും പോളണ്ടിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി.
അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പോളണ്ടിനെക്കുറിച്ചുള്ള ആദ്യത്തെ പര്യവലോകനമായിരുന്നു ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച. 2015-ലെ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ചര്‍ച്ചയും കൂടിയായിരുന്നു ഇത്. നിയമവാഴ്ചയെ ഹനിക്കുന്നു എന്ന യൂറോപ്പ്യന്‍ യൂണിയന്റെ വിമര്‍ശനത്തിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കീഴിലുള്ള പോളണ്ട് സര്‍ക്കാര്‍ പാത്രമായിട്ടുണ്ട്.
യൂറോപ്പ്യന്‍ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നിയമമാറ്റങ്ങളും നീതിനിര്‍വഹണവുമാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് പോളണ്ടിന്റെ പ്രതിനിധികള്‍ പറഞ്ഞു. കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യത്തെ തങ്ങളുടെ രാജ്യം ഫലപ്രദമായി നേരിട്ട കാര്യം പോളണ്ടിന്റെ പ്രതിനിധിയും വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുമായ റെനറ്റാ സ്ചെക്ക് ചൂണ്ടിക്കാണിച്ചു.