News - 2025
മെക്സിക്കോയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികന് കുത്തേറ്റു
സ്വന്തം ലേഖകന്‍ 17-05-2017 - Wednesday
മെക്സിക്കോ സിറ്റി: മെക്സിക്കോ നഗരത്തിലെ മെത്രാപോളീറ്റന്‍ കത്തീഡ്രല്‍ പള്ളിയിൽ ദിവ്യബലി അർപ്പിച്ചുകൊണ്ടിരുന്ന വൈദികനു കുത്തേറ്റു. ഫാ. മിഗുവേല്‍ ഏഞ്ചല്‍ മക്കോറോ എന്ന വൈദികനാണ് കുത്തേറ്റത്.
ദിവ്യബലിയര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് നേരെ കത്തിയുമായി വന്ന അക്രമി കഴുത്തിൽ കുത്തി മുറിവേൽപിക്കുകയായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
അടുത്തിടെ കാത്തലിക് മള്‍ട്ടിമീഡിയ സെന്‍റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വൈദികര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോ. കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള മെക്‌സിക്കോയില്‍ 2006 മുതലുള്ള കാലയളവില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
രാജ്യത്ത് ഗര്‍ഭഛിദ്രത്തിനും സ്വവര്‍ഗ്ഗ വിവാഹത്തിനും മറ്റും നിയമസാധുത നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ് സഭ ഉന്നയിക്കുന്നത്. ഇതായിരിക്കാം വൈദികര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.