News - 2025
യുവജനങ്ങളെ ആത്മീയമായ ജീവിതത്തിലേക്ക് നയിക്കുകയാണ് സഭയുടെ പ്രധാന ലക്ഷ്യം: കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി
സ്വന്തം ലേഖകന്‍ 19-05-2017 - Friday
ഹോങ്കോങ്ങ്: പാപത്താല്‍ ഞെരുക്കപ്പെടാത്ത ആത്മീയമായൊരു ജീവിത തിരഞ്ഞെടുപ്പിലേയ്ക്ക് യുവജനങ്ങളെ നയിക്കുകയാണ് സഭയുടെ പ്രധാനലക്ഷ്യമെന്ന് ബിഷപ്പ്സ് സിനഡ് ജനറല്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി. വത്തിക്കാന്‍ പ്രതിനിധിയായി തായ്വാന്‍, ഹോങ്കോങ്ങ് എന്നിവ സന്ദര്‍ശിച്ച അദ്ദേഹം സഭയിലെ മെത്രാന്മാരുടെ പതിനഞ്ചാമത് സിനഡിന് ഒരുക്കമായി നടത്തിയ ചര്‍ച്ചാസമ്മേളങ്ങളിലാണ് സാമൂഹിക ചുറ്റുപാടുകളെയും യുവജനങ്ങളെയും പറ്റി കര്‍ദ്ദിനാള്‍ ബാള്‍ദിസേരി വിശദീകരിച്ചത്.
പൗരോഹിത്യ ജീവിതത്തില്‍ വീഴ്ചകളും പരാജയങ്ങളും ഉണ്ടാകുന്നതുപോലെതന്നെ ഇന്ന് കുടുംബജീവിതത്തിലും വീഴ്ചകളും തകര്‍ച്ചകളുമുണ്ട്. വിവാഹജീവിതത്തിലേയ്ക്കോ പൗരോഹിത്യത്തിലേയ്ക്കോ സന്ന്യാസത്തിലേയ്ക്കോ, ജീവിതത്തിന്റെ ശരിയായ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. അതിനാല്‍ യുവജനങ്ങളുടെ ജീവിതത്തില്‍ ആഴമുള്ള വിശ്വാസവും തിരഞ്ഞെടുപ്പും ഏറെ പ്രധാനപ്പെട്ടതാണ്.
സ്ഥിരതയില്ലാത്തതും അടിക്കടി തകരുന്നതുമായ ‘താല്ക്കാലികയുടെ സംസ്ക്കാരം’ സമൂഹത്തിന്‍റെ പൊതുമേഖലയില്‍ വേരുപിടിക്കുന്നുണ്ട്. നൈമിഷികമായ സന്തോഷവും സൗകര്യവും നേട്ടവും തേടിയുള്ള പരക്കംപാച്ചിലില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നതുപോലെ, തകരുന്ന കുടുംബങ്ങള്‍ക്കും തളരുന്ന ദാമ്പത്യബന്ധങ്ങള്‍ക്കും അവ കാരണമാക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസേരി തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.
പുറമെ സന്തോഷമുള്ളവരും ഏറെ ഊര്‍ജ്ജസ്വലതയുള്ളവരുമായി യുവജനങ്ങള്‍ ഇന്ന് കാണപ്പെടാറുണ്ടെങ്കിലും, ആന്തരികമായ പ്രതിസന്ധികളാല്‍ അവര്‍ മരവിച്ചും മരിച്ചുമാണ് ജീവിക്കുന്നത്. ജീവിതലക്ഷ്യവും പ്രത്യാശയും നശിക്കുന്നതാണ് ഇതിനു കാരണം. അതിനാല്‍ പാപത്താല്‍ ഞെരുക്കപ്പെടാത്ത ആത്മീയതയുടെ സന്തുലിതമായൊരു ജീവിത തിരഞ്ഞെടുപ്പിലേയ്ക്ക് യുവജനങ്ങളെ നയിക്കുകയാണ് സഭയുടെ ലക്ഷ്യം. കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി പറഞ്ഞു.