News - 2025
സ്നേഹം പങ്കുവയ്ക്കുക എന്നത് ക്രിസ്തീയ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 19-05-2017 - Friday
വത്തിക്കാന്‍ സിറ്റി: ദൈവീകസ്നേഹം ക്രിസ്തീയ ജീവിതത്തിന്‍റെ കേന്ദ്രമാണെന്നും സ്നേഹം പങ്കുവയ്ക്കുക എന്നത് ക്രിസ്തീയ ദൗത്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗത്തെ ആധാരമാക്കിയാണ് പാപ്പ തന്റെ സന്ദേശം നല്‍കിയത്. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമായിരിക്കണമെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
പിതാവിന് നമ്മളോടുള്ള സ്നേഹവും നമുക്ക് അവിടുത്തോടുള്ള സ്നേഹവുമാണ് എല്ലാറ്റിനും ആധാരമായി നിലകൊള്ളുന്നത്. ഈ ലോകത്തിന്‍റെ സ്നേഹം മിഥ്യയാണ്. അത് വസ്തുക്കളോടും, തന്നോടുതന്നെയും, അധികാരത്തിനും പണത്തിനുമുള്ള സ്നേഹമാണ്. ഇത് പിതാവില്‍നിന്നോ ക്രിസ്തുവില്‍നിന്നോ ഉള്ളതല്ല. അവ നമ്മെ പിതാവിലേയ്ക്ക് അടുപ്പിക്കുന്നില്ല, മറിച്ച് അകറ്റുകയാണ് ചെയ്യുന്നത്. മനസ്സ് ലൗകിതയോട് ഒട്ടിനില്ക്കുമ്പോള്‍ അത് വിഭജിതമായ സ്നേഹമാണ്. ദൈവത്തെ പൂര്‍ണ്ണമായും സ്നേഹിക്കുകയാണ് നാം ചെയ്യേണ്ടത്.
ദൈവസ്നേഹം അളവും അതിരുമില്ലാത്തതാണ്. അത് സമൃദ്ധമാണ്. ക്രിസ്തു നല്കുന്ന കല്പനകള്‍ പാലിച്ചു ജീവിക്കുന്നവര്‍ പിതാവില്‍ ഒന്നായി ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ വസിക്കുന്നു. കാരണം ക്രിസ്തു പിതാവില്‍നിന്നുമാണ്. അങ്ങനെ അളവും പരിധിയുമില്ലാത്ത ഒരുക്കലും അസ്തമിക്കാത്ത ഈ സ്നേഹത്തിന്‍റെ ആഴവും വ്യപ്തിയും മനസ്സിലാക്കുന്നവര്‍ക്ക് ക്രിസ്തുസ്നേഹത്തില്‍നിന്നും അകന്നിരിക്കാനാവില്ല.
ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ജീവിക്കുന്നവര്‍ക്ക് അവിടുത്തെ ആനന്ദവും ലഭിക്കും. സ്നേഹത്തൊടൊപ്പം അവിടുന്നു നല്കുന്ന ദാനമാണ് ആനന്ദം. മെത്രാന്മാരും വൈദികരും സന്ന്യസ്തരും ജനത്തിന് ആത്മീയ സന്തോഷം പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടവരാണ്. അതിനുള്ള ഏകമാര്‍ഗ്ഗം സ്നേഹമാണ്. യഥാര്‍ത്ഥമായ സ്നേഹത്തില്‍നിന്നും ഉതിരുന്ന സന്തോഷം ജനങ്ങളുമായി പങ്കുവയ്ക്കണം. ക്രിസ്തുവിന്‍റെ സനേഹത്തില്‍ ജീവിക്കാനും വളരാനുമുള്ള ആനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം എന്നുപറഞ്ഞു കൊണ്ടാണ് മാര്‍പാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചത്.
![](/images/close.png)