News - 2024

ഫിലിപ്പീന്‍സില്‍ ഐ‌എസ് അനുകൂലസംഘടന കത്തോലിക്ക വൈദികനെയും വിശ്വാസികളെയും തട്ടികൊണ്ടുപോയി: പട്ടാളഭരണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 25-05-2017 - Thursday

മനില: ഐസിസ് ബന്ധമുള്ള മുസ്ലീം തീവ്രവാദി സംഘടനയായ അബുസയ്യഫ് തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തി കത്തോലിക്കാ വൈദികനുള്‍പ്പെടെ പന്ത്രണ്ടോളം വിശ്വാസികളേ തട്ടികൊണ്ട് പോയി. ആയുധധാരികളായ തീവ്രവാദികള്‍ ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ ദ്വീപിലെ മാറാവി നഗരത്തിലെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറിയാണു റവ. ഫാ. ചിട്ടോ സുഗാനോബിനേയും വിശ്വാസികളെയും തട്ടികൊണ്ട് പോയത്.

അബുസയ്യഫ് സംഘടനയുടെ ഇസ്നിലോണ്‍ ഹാപിലോണ്‍ എന്ന കമാണ്ടറിനെ പിടികൂടുവാനായി ഫിലിപ്പീന്‍സ് സൈന്യം ചൊവ്വാഴ്ച രാത്രിയില്‍ അവരുടെ ഒളിസങ്കേതങ്ങളില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ്‌ സംഭവപരമ്പരകളുടെ തുടക്കം. തുടര്‍ന്ന്‍ ഏതാണ്ട് നൂറോളം വരുന്ന തോക്ക്ധാരികളായ തീവ്രവാദികള്‍ മുസ്ലീം ഭൂരിപക്ഷ നഗരമായ മാറാവിയില്‍ ഒന്നിച്ചു കൂടുകയും നഗരത്തിലെ കെട്ടിടങ്ങളും, റോഡുകളും, പാലങ്ങളും പിടിച്ചടക്കികൊണ്ട് സൈന്യത്തെ പതിയിരുന്നാക്രമിക്കുകയുമായിരിന്നു.

അമേരിക്കയുടേയും നോട്ടപ്പുള്ളിയായ ഇസ്നിലോണ്‍ ഹാപിലോണിന്റെ തലക്ക് 5 ദശലക്ഷത്തോളം ഡോളറാണ് യു‌എസ് വിലയിട്ടിരിക്കുന്നത്. പ്രദേശത്ത് ഐ‌എസ് പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏറ്റവും ചുരുങ്ങിയത് 21 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്നു റഷ്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി കൊണ്ട് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് മനിലയിലെത്തി. ആക്രമണത്തെ വളരെ കര്‍ശനമായി തന്നെ നേരിടുമെന്നു അദ്ദേഹം പറഞ്ഞു. അതേ സമയം തീവ്രവാദികളുടെ ഭീഷണിയെ നേരിടുവാനായി മിന്‍ഡനാവോ മേഖലയില്‍ പട്ടാളഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

60 ദിവസത്തേക്കാണ് പട്ടാളഭരണം. ഏതാണ്ട് 22 ദശലക്ഷത്തോളം ആളുകളാണ് പ്രദേശത്ത് താമസിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ഫിലിപ്പീന്‍സില്‍ മുസ്ലീം തീവ്രവാദി സംഘടന നടത്തിയ ആക്രമണം ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. സംഭവത്തെ ഫിലിപ്പീന്‍സ് സഭ ശക്തമായി അപലപിച്ചു.


Related Articles »