News - 2025
കാമറൂൺ ബിഷപ്പിന്റെ മരണം: കൊലപാതകമെന്നു സൂചന
സ്വന്തം ലേഖകന്‍ 08-06-2017 - Thursday
യോൺഡേ: കാമറൂണിലെ ബാഫിയ രൂപത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ മരണത്തില്‍ കൊലപാതക സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി. മെയ് 31 ന് കാണാതായ ബിഷപ്പിന്റെ മൃതശരീരം ജൂൺ രണ്ടിന് യോൺഡേയിലെ സനാഗ നദിയിലാണ് കണ്ടെത്തിയത്. പ്രഥമ നിരീക്ഷണത്തിൽ ബിഷപ്പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിന്നത്.
ബിഷപ്പിന്റെ കാറിൽ നിന്നും താൻ താഴെ വെള്ളത്തിലുണ്ടെന്ന കുറിപ്പു ലഭിച്ചതിനാൽ പോലീസ് മരണം ആത്മഹത്യയായി അനുമാനിക്കുകയായിരിന്നു. എന്നാൽ കുറിപ്പ് ബിഷപ്പ് തന്നെ എഴുതിയതാണോ എന്ന സംശയമാണ് ഇപ്പോള്‍ അന്വേഷണത്തിന് വഴിതിരിവായിരിക്കുന്നത്. അതേ സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്‍റെ തെളിവുകളാണ് കൊലപാതക സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നത്.
വെള്ളത്തിൽ വീഴുന്നതിന് മുമ്പേ അദ്ദേഹം മരിച്ചതായാണ് റിപ്പോര്‍ട്ട്. ബോക്കോ ഹറാം ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ ഭീഷണി നിലനില്ക്കുന്ന കാമറൂണിൽ നൂറുകണക്കിന് സാധാരണക്കാരും പട്ടാളക്കാരും വധിക്കപ്പെട്ട സാഹചര്യത്തിലാണ് ബിഷപ്പിന്റെ മരണകാരണം ദുരൂഹമായാണ് തുടരുന്നത്. 2003 ഏപ്രിലില്‍ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് അദ്ദേഹത്തെ ബാഫിയ രൂപതയുടെ മെത്രാനായി നിയമിച്ചത്.