News - 2025

പശ്ചിമ ബംഗാളില്‍ ദേവാലയം ആക്രമിച്ച് മോഷണം: തിരുവോസ്തി ഛിന്നഭിന്നമാക്കി

സ്വന്തം ലേഖകന്‍ 07-06-2017 - Wednesday

റാണഘട്ട്: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ദയാബാരി മിഷൻ ഗേറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. നൂറ്റിയിരുപത്തിയേഴോളം വർഷങ്ങൾ പഴക്കമുള്ള വിശുദ്ധ ലൂക്കായുടെ നാമത്തിലുള്ള ദേവാലയത്തിൽ ഇന്നലെ (ജൂൺ ആറ്) പുലർച്ചെയാണ് സംഭവം നടന്നത്. അക്രമികള്‍ പരിശുദ്ധ കുർബാന ഛിന്നഭിന്നമാക്കുകയും കാസ, പീലാസ, മെഴുകുതിരി കാലുകൾ എന്നിവ നശിപ്പിക്കുകയും ചെയ്തുവെന്ന് ദേവാലയ അധികൃതർ പറഞ്ഞു.

പുലർച്ച നാലരയോടെ ദേവാലയത്തിലെത്തിയ ജോലിക്കാരൻ പ്രധാന കവാടത്തിലെ പൂട്ട് തകർക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് ദേവാലയ അധികൃതരേയും പോലീസിനെയും വിവരമറിയിക്കുകയായിരിന്നു. ദേവാലയത്തിലെ അതിപുരാതന സാമഗ്രികളും മൂവായിരം രൂപയും നഷ്ടപ്പെട്ടതായി പാസ്റ്റർ കിഷോർ മോൺഡൽ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2015 മാർച്ചിൽ രാജ്യത്തെ നടുക്കിയ, കന്യാസ്ത്രീ ബലാൽസംഘത്തിരയായ കോണ്‍വന്‍റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ദേവാലയത്തിലാണ് അക്രമം നടന്നത്. എഴുപത് വയസ്സായ കന്യാസ്ത്രീയാണ് അന്ന്‍ ബലാല്‍സംഘത്തിന് ഇരയായത്. ഇതിന്‍റെ വാദം ഇപ്പോഴും കൊല്‍ക്കട്ട ഹൈക്കോടതിയില്‍ തുടരുകയാണ്. പ്രദേശത്തെ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യം നേരത്തെ മുതല്‍ ഉയരുന്നുണ്ട്.

More Archives >>

Page 1 of 183