News
ഫിലിപ്പീന്‍സില്‍ ഐഎസ് ഭീകരത വീണ്ടും: കത്തോലിക്ക ദേവാലയം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍ 06-06-2017 - Tuesday
മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ അധിനിവേശം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല തീവ്രവാദികള്‍ കത്തോലിക്കാ ദേവാലയം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ക്കുകയും, ദേവാലയത്തിനു തീയിടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഭീകരര്‍ തന്നെ പകര്‍ത്തിയ വീഡിയോ ഐസിസ് വാര്‍ത്താ ഏജന്‍സിയായ ‘അമാക്ക്’ ആണ് ആദ്യമായി പുറത്ത് വിട്ടത്.
തീവ്രവാദികള്‍ കുരിശുരൂപങ്ങള്‍ മറിച്ചിന്നതിന്റെയും, ഫ്രാന്‍സിസ് പാപ്പായുടെ പോസ്റ്റര്‍ വലിച്ചുകീറി ചവിട്ടിമെതിക്കുന്നതിന്റെയും വിശുദ്ധന്‍മാരുടെ രൂപങ്ങള്‍ മറിച്ചിടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. നഗരത്തിന്റെ തീരപ്രദേശങ്ങളില്‍ പിടിമുറുക്കുവാന്‍ സൈന്യത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും ഉള്‍പ്രദേശങ്ങള്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. ഇക്കഴിഞ്ഞ മെയ് 23-നാണ് തീവ്രവാദികള്‍ മാറാവി നഗരത്തിന്റെ നിയന്ത്രണം കയ്യിലെടുത്തത്. അതേ സമയം മാറാവി നഗരത്തില്‍ അധിനിവേശം തുടരുന്ന ജിഹാദികളെ തുരത്തുവാനുള്ള ഫിലിപ്പീന്‍സ് സൈന്യത്തിന്റെ പോരാട്ടം തുടര്‍ന്ന്‍ വരികയാണ്.
20-ഓളം സാധാരണക്കാരും, 120 തീവ്രവാദികളും, 38 സൈനികരും ഒരു പോലീസുകാരനും ഉള്‍പ്പെടെ ഏതാണ്ട് 179-ഓളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച്ച നഗരത്തില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍ തീവ്രവാദികള്‍ക്ക് അവസരം നല്‍കികൊണ്ട് നാല് മണിക്കൂര്‍ സമയത്തെ വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആക്രമണം പുനരാരംഭിച്ചിരിന്നു.
തന്‍റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും നിര്‍ണ്ണായകമായ പ്രതിസന്ധിയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട് ഭീകരരുമായി യാതൊരുവിധ ചര്‍ച്ചക്കും തയ്യാറായിട്ടില്ല. ഐസിസ് ബന്ധമുള്ള മുസ്ലീം തീവ്രവാദി സംഘടനയായ അബുസയ്യഫ് തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തി കത്തോലിക്കാ വൈദികനുള്‍പ്പെടെ പന്ത്രണ്ടോളം വിശ്വാസികളേയും നേരത്തെ തട്ടികൊണ്ട് പോയിരിന്നു. മോചനത്തിന് അപേക്ഷിച്ച് തടവില്‍ കഴിയുന്ന റവ. ഫാദര്‍ ചിറ്റോ സുഗാനോബിന്റെ വീഡിയോയും ഭീകരര്‍ അടുത്തിടെ പുറത്ത് വിട്ടിരുന്നു. സൈനികഭരണത്തിന്‍ കീഴിലാണ് ഇപ്പോള്‍ മാറാവി നഗരം.