News - 2025
സ്നേഹവും സാഹോദര്യവും മതങ്ങൾക്ക് അതീതമാണെന്ന് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 20-06-2017 - Tuesday
വത്തിക്കാൻ: സ്നേഹവും സാഹോദര്യവും മതങ്ങൾക്ക് അതീതമാണെന്നും; മതങ്ങൾക്കായി വിപ്ലവങ്ങളെയും, വിപ്ലവങ്ങൾക്കായി മതങ്ങളെയും വലിച്ചിഴയ്ക്കരുതെന്നും ഫ്രാൻസിസ് മാർപാപ്പ. റോമൻ രൂപതയുടെ കീഴിലുള്ള ഇടവകകളിൽ അഭയം നല്കിയ അഭയാർത്ഥികളെ സന്ദർശിക്കവേയാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ നടന്ന കൂടിക്കാഴ്ച്ചയിൽ, അഭയാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ മാർപ്പാപ്പ ചോദിച്ചറിഞ്ഞു.
സ്വന്തം രാജ്യത്തു നിന്നും പലായനം ചെയ്യുന്നവർക്കു നേരെയുള്ള അവഗണനയും കലാപങ്ങളും, അതോടൊപ്പം പലായനത്തിനിടയിൽ സംഭവിക്കുന്ന മരണങ്ങളും മൂലം അതിരൂക്ഷമാണ് അഭയാർത്ഥി പ്രശ്നം. 2017-ൽ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ലോക അഭയാർത്ഥി ദിനമാണ് ജൂൺ 20. അതിനു മുന്നോടിയായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ അഭയാർത്ഥികളെ സന്ദർശിച്ചത്. ഈ അവസരത്തിൽ മതഭേദം കൂടാതെ അഭയാർത്ഥികളെ സ്വീകരിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.
സിറിയാ, ഇറാഖ്, ലിബിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ അഭയാർത്ഥികളുടെ ആശാ കേന്ദ്രമാണ് ഇറ്റലി. 2016 ൽ മാത്രം രണ്ടു ലക്ഷത്തോളം പേർ ഇറ്റലിയിൽ അഭയം പ്രാപിച്ചു. ഇടവകകൾ ഓരോ അഭയാർത്ഥി കുടുംബങ്ങളെയെങ്കിലും സ്വീകരിക്കണമെന്ന മാർപ്പാപ്പയുടെ നിർദേശപ്രകാരം, യൂറോപ്പിലെ എല്ലാ ഇടവകകളിലുമായി 121 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അഭയം നല്കി.
'ഞാൻ പരദേശിയായിരുന്നു;നിങ്ങളെന്നെ സ്വീകരിച്ചു', 'അഭയാർത്ഥികൾക്കായി എന്റെ ഭവനത്തിലൊരിടം' എന്നിങ്ങനെ രണ്ടു പദ്ധതികൾ വഴിയാണ് അഭയാർത്ഥികൾക്കായി പാർപ്പിടം സജമാക്കിയത്. ഇങ്ങനെ അഭയം നല്കുന്ന കുടുംബങ്ങൾക്കു അഭയാർത്ഥി പ്രശ്നങ്ങളെ നേരിടാനുള്ള പ്രത്യേക പരിശീലനവും നൽകും. ഇപ്രകാരം അഭയാർത്ഥികളെ സ്വീകരിക്കാൻ ഉദാരമനസ്സു കാണിച്ചവർക്ക് മാർപ്പാപ്പ പ്രത്യേകം നന്ദി പറഞ്ഞു.