News - 2025

രജതജൂബിലി നിറവില്‍ മംഗോളിയന്‍ സഭ

സ്വന്തം ലേഖകന്‍ 15-07-2017 - Saturday

ഉലാൻബാതർ: സഭാസ്ഥാപനത്തിന്റെയും വത്തിക്കാനുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‍റെയും രജതജൂബിലി നിറവില്‍ കിഴക്കേഷ്യന്‍ രാജ്യമായ മംഗോളിയ. 1921-ല്‍ ചൈനയില്‍നിന്നും സ്വതന്ത്രമായതിനുശേഷമാണ് മംഗോളിയയില്‍ വിശ്വാസം വേരുപിടിക്കുവാന്‍ ആരംഭിച്ചത്.

1992-ല്‍ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട് പുനസ്ഥാപിതമായ മംഗോളിയായിലെ സഭ വിദേശത്തു നിന്നുമെത്തുന്ന അജപാലകരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹമായിരുന്നു. സഭയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഒന്‍പതാം തിയതി ഉലാന്‍ ബത്താറിലെ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഭദ്രാസന ദേവാലയത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടന്നു.

തിരുകര്‍മ്മങ്ങള്‍ക്ക് മംഗോളിയയുടെ അപ്പസ്തോലിക വികാര്‍ ബിഷപ്പ് വെഞ്ചെസ്ലാവോ പദീല മുഖ്യകാര്‍മ്മികത്വം വഹിച്ചു. മംഗോളിയയിലെ സഭ വളരുകയാണെന്നും ദൈവത്തിന്‍റെ കരുണയും സ്നേഹവും വിവിധ ഘട്ടങ്ങളില്‍ സമൃദ്ധമായി അനുഭവിച്ച സഭയാണിതെന്നും ബിഷപ്പ് പദീല പറഞ്ഞു. മംഗോളിയയെ ആദ്യമായി സ്വതന്ത്രരാഷ്ട്രമായി പിന്‍തുണച്ചതും അംഗീകരിച്ചതും വത്തിക്കാനാണെന്ന വസ്തുത ബിഷപ്പ് അനുസ്മരിച്ചു.

കിഴക്കനേഷ്യയിൽ ചൈനയ്ക്കും റഷ്യക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന മംഗോളിയയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും ബുദ്ധമതക്കാരാണ്. ഇസ്ലാം, ഷമാനിസം മതങ്ങൾക്കും സ്വാധീനമുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മംഗോളിയായുടെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായത്.

നിലവില്‍ രാജ്യത്തിന് പുറത്തു നിന്നുമുള്ള വൈദികരാണ് മംഗോളിയന്‍ വിശ്വാസ സമൂഹത്തിന്റെ എല്ലാ ആത്മീയ ആവശ്യങ്ങളും നിര്‍വഹിക്കുന്നത്. 20 മിഷ്‌ണറിമാരും 50 കന്യാസ്ത്രീകളും 12 കോണ്‍ഗ്രിഗേഷനും മംഗോളിയായില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

More Archives >>

Page 1 of 199