News

ബൈബിളിലെ നാബോത്തിന്റെ മുന്തിരിതോട്ടത്തിന്റെ കഥയെ സ്ഥിരീകരിച്ച് ഇസ്രായേലി പുരാവസ്തുഗവേഷക

സ്വന്തം ലേഖകന്‍ 14-07-2017 - Friday

ജെറുസലേം: ബൈബിളിലെ പഴയനിയമത്തിലെ നാബോത്തിന്റെ മുന്തിരിതോട്ടത്തിന്റെ കഥ വാസ്തവമായിരുന്നുവെന്നതിന് തെളിവുകളുമായി ഇസ്രായേലി പുരാവസ്തുഗവേഷക രംഗത്ത്. പ്രമുഖ പുരാവസ്തുഗവേഷകയായ ഡോ. നോര്‍മാന്‍ ഫ്രാങ്ക്ലിനാണ് തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേലിന്റെ വടക്ക് ഭാഗത്തുള്ള ലോവര്‍ ഗലീലി പ്രദേശത്തിലെ ജെസ്രീല്‍ താഴ്‌വരയില്‍ ആധുനിക ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ നിരവധി ഒലിവ്, മുന്തിരി ചക്കുകളും, ഭൂമിക്കടിയില്‍ കുപ്പികളുടെ മാതൃകയിലുള്ള കുഴികളും കണ്ടെത്തിയിരുന്നു.

ഇത് സൂചിപ്പിക്കുന്നത് ബൈബിള്‍ കാലഘട്ടത്തില്‍ ജെസ്രീല്‍ താഴ്‌വര യഥാര്‍ത്ഥത്തില്‍ ഒരു വീഞ്ഞുല്‍പ്പാദന കേന്ദ്രമായിരുന്നുവെന്നാണ് ജെസ്രീല്‍ പര്യവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. നോര്‍മാ ഫ്രാങ്ക്ലിന്‍ വ്യക്തമാക്കി. ബൈബിളിലെ പഴയനിയമത്തില്‍ 1 രാജാക്കന്‍മാര്‍ 21-മത്തെ അദ്ധ്യായത്തിലാണ് നാബോത്തിന്റെ മുന്തിരിത്തോട്ടത്തിന്റെ കഥ വിവരിച്ചിട്ടുള്ളത്‌.

ജെസ്രീല്‍ക്കാരനായ നാബോത്തിന് ആഹാബ് രാജാവിന്റെ കൊട്ടാരത്തിനു സമീപമായി ഉണ്ടായിരുന്ന കൊച്ചു മുന്തിരിത്തോട്ടത്തില്‍ രാജാവിന്‌ മോഹമുദിക്കുകയും, രാജാവിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയായ ജസബേല്‍ രാജ്ഞി കുടിലബുദ്ധിയുപയോഗിച്ചു ചതിയിലൂടെ കൈവശപ്പെടുത്തിക്കൊണ്ട് ദൈവകോപത്തെ ക്ഷണിച്ചുവരുത്തുന്നതുമാണ് കഥയുടെ ഉള്ളടക്കം.

നിലവില്‍ കണ്ടെത്തിയ മുന്തിരിത്തോട്ടവും, വീഞ്ഞുല്‍പ്പാദനത്തിന്റെ അവശേഷിപ്പുകളും ഏതാണ്ട് ബി.സി 300 കാലഘട്ടത്തിലേതാണെന്നും, നാബോത്തിന്റെ മുന്തിരിത്തോട്ടവും ഏതാണ്ട് ഈ കാലഘട്ടത്തില്‍ത്തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നും ഡോ. നോര്‍മാ ഫ്രാങ്ക്ലിന്‍ വ്യക്തമാക്കി. ബൈബിളിന്റെ ആധികാരികതയെ ശരിവെക്കുന്നതാണ് പുതിയ കണ്ടുപിടിത്തം.

നിരവധി പുരാവസ്തു ഗവേഷണങ്ങള്‍ക്ക് വേദിയായിട്ടുള്ള ജെസ്രീല്‍ താഴ്‌വര ഇന്നൊരു കാര്‍ഷിക കേന്ദ്രമാണ്. 2014-ല്‍ ഇസ്രായേലിലെ പുരാവസ്തുവകുപ്പ് ഇവിടെ നിന്നും 3,300 വര്‍ഷം പഴക്കമുള്ള കളിമണ്‍ ശവപ്പെട്ടിയും അതില്‍ അസ്ഥികൂടവും കണ്ടിരുന്നു. പുരാതന ഈജിപ്തില്‍ വിശുദ്ധമായി കണ്ടിരുന്ന വണ്ടിന്റെ രൂപവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

More Archives >>

Page 1 of 199