News - 2025
പഞ്ചാബില്‍ സുവിശേഷ പ്രഘോഷകന്‍ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍ 17-07-2017 - Monday
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ അജ്‌ഞാതരുടെ വെടിയേറ്റു സുവിശേഷ പ്രഘോഷകന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സാലേം താബ്‌റി മേഖലയില്‍ രണ്ടു ബൈക്കുകളിലെത്തിയ സംഘം സുവിശേഷപ്രഘോഷകനായ സുല്‍ത്താന്‍ മാസിഹിനെ വധിക്കുകയായിരിന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണു ബൈക്കിലെത്തിയ സംഘം നേരേ വെടിവച്ചത്.
ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരിന്നു. അക്രമികള്‍ മുഖംമറച്ചാണ് എത്തിയെതെന്ന കാര്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേ സമയം ഇതുവരെയും അക്രമികളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധിച്ചു ക്രൈസ്തവ വിശ്വാസികള്‍ ജലന്ധർ നാഷണൽ ഹൈവേ ഉപരോധിച്ചു.
ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഭാരതം 17-ാം സ്ഥാനത്താണ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. കാത്തലിക് സെക്കുലര്‍ ഫോറം ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പത്തു പേരാണ് രാജ്യത്തു കൊല്ലപ്പെട്ടത്.
വൈദികരും സുവിശേഷ പ്രഘോഷകരുമായ 500-ല്‍ അധികം ആളുകള്‍ക്ക് വിവിധ തരം ആക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. 394 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം തടവിലായത്. കന്യാസ്ത്രീകളും, സുവിശേഷ പ്രവര്‍ത്തകരുമായ 34 വനിതകള്‍ പോയവര്‍ഷം പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.