News - 2025
പന്ത്രണ്ടാമത് ബ്ലാക്ക് കത്തോലിക്കാ കോണ്‍ഗ്രസ്സിനു സമാപനം
സ്വന്തം ലേഖകന്‍ 16-07-2017 - Sunday
ഫ്ലോറിഡ: “കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്: നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക” എന്ന ബൈബിള്‍ വാക്യങ്ങളെ മുഖ്യ പ്രമേയമാക്കി നടന്ന ആഫ്രിക്കന്‍-അമേരിക്കന്‍ കത്തോലിക്കരുടെ സംഘടനയായ ബ്ലാക്ക് കത്തോലിക് കോണ്‍ഗ്രസ്സിന്റെ (NBCC) പന്ത്രണ്ടാമത് കോണ്‍ഫ്രന്‍സിന് സമാപനം.
ജൂലൈ 6 മുതല്‍ 9 വരെ ഫ്ലോറിഡയിലെ ഓര്‍ളാണ്ടോയിലെ ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ്സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 2,000-ത്തിലധികം ആളുകള്‍ പങ്കെടുത്തു. ഘാനയിലെ കര്‍ദ്ദിനാളായ പീറ്റര്‍ ടര്‍ക്സനാണ് ഐക്യവും, അനുരജ്ഞനവും എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തിയത്.
1889-ല്‍ ഡാനിയല്‍ റഡ് എന്ന പത്രപ്രവര്‍ത്തകന്റെ ശ്രമഫലമായി പ്രസിഡന്റ് ഗ്രോവര്‍ ക്ലീന്‍ലാന്റും, ഏതാണ്ട് നൂറോളം വരുന്ന കറുത്തവരായ കത്തോലിക്കരും ഉള്‍പ്പെട്ട ഒരു കൂടിക്കാഴ്ചയിലാണ് നാഷണല്‍ ബ്ലാക്ക് കത്തോലിക് കോണ്‍ഗ്രസ്സിന് തുടക്കമായത്. 1980-ലാണ് സംഘടന ഇന്നത്തെ പേര് സ്വീകരിച്ചത്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ബ്ലാക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങള്‍ നടന്നുവരുന്നു.
പന്ത്രണ്ടാം സമ്മേളത്തില്‍ കത്തോലിക്കാ കുടുംബജീവിതം, സുവിശേഷ വല്‍ക്കരണം, കത്തോലിക്കാ സാമൂഹ്യ പ്രബോധനം, ഗാര്‍ഹിക പീഡനം, ആരോഗ്യം, മാനസികാരോഗ്യം, മനുഷ്യ ജീവനും അന്തസ്സും, ദാരിദ്ര്യം, വര്‍ണ്ണവിവേചനം, ശരീരത്തിന്റെ ദൈവശാസ്ത്രം, ദൈവ നിയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിവിധ പ്രഭാഷണങ്ങള്‍ നടന്നു. കര്‍ദ്ദിനാള്‍ പീറ്റര്‍ കോഡ്വോ, മെത്രാന്‍ എഡ്വാര്‍ഡ് കെ. ബ്രാക്സ്ടന്‍, ഫാ. മോറിസ് എമേലു, ബ്രയാന്‍ സ്റ്റീവന്‍സന്‍, ഡോ. ട്രിസിയ ബ്രെന്റ് ഗുഡ്ലി, ടോണിയ ഡോര്‍സി, ഫാ. ജോസഫ് എന്‍ പെറി, പോള മാഞ്ചെസ്റ്റര്‍ തുടങ്ങിയ പ്രമുഖരാണ് വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയത്.
അഞ്ചുദിവസത്തെ കോണ്‍ഫ്രന്‍സ് എന്നതിലുപരി സൃഷ്ടിപരവും, സ്വാതന്ത്ര്യപരവും, നൂതനവുമായ ആശയങ്ങളെ കണ്ടെത്തുവാനും, അവയെ പ്രോത്സാഹിപ്പിക്കുവാനും വരും മാസങ്ങളില്‍ പ്രായോഗികമാക്കുക എന്ന ലക്ഷ്യവും ബ്ലാക്ക് കത്തോലിക്കാ കോണ്‍ഗ്രസ്ന്റെ പന്ത്രണ്ടാം സമ്മേളത്തിനുണ്ടായിരുന്നു. സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളെ പ്രാബല്യത്തില്‍ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ ഓഗസ്റ്റ് 5-ന് സെന്റ് പോള്‍ ആന്‍ഡ് മിന്നിപോളിസ് അതിരൂപതയില്‍ വെച്ച് ഒരു പുനരവലോകന സമ്മേളനം നടക്കും.