News - 2025
ആഫ്രിക്കയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി അയര്‍ലണ്ടിലെ കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 17-07-2017 - Monday
ഡബ്ലിൻ: കിഴക്കൻ ആഫ്രിക്കയിലെ ജനങ്ങൾക്ക് സാമ്പത്തിക സഹായം സജ്ജമാക്കാൻ പുതിയ പദ്ധതിയുമായി അയര്‍ലണ്ട്. ദേവാലയങ്ങളിൽ ബലിമധ്യേ ലഭിക്കുന്ന സംഭാവനകൾ സ്വരൂപിച്ച് കത്തോലിക്കാ സഭയുടെ കീഴിലുള്ള ട്രോകയിറേ സംഘടന വഴി ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാനാണ് പദ്ധതി. ജൂലൈ 22, 23 തീയതികളിൽ നടക്കുന്ന ബലിമധ്യേയും ട്രോകയിറേ സംഘടനയ്ക്ക് നേരിട്ടും സംഭാവാനകൾ നല്കാന്‍ അവസരമുണ്ട്.
നിലവില്‍ ട്രോകയിറേ സംഘടനയിലൂടെ 250 ലക്ഷത്തോളം ആളുകൾക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങി അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തതായി സംഘടനയുടെ കെനിയ - സൊമാലിയ പ്രതിനിധി പോൾ ഹീലി പറഞ്ഞു. ഇരുപതു വർഷത്തിനിടയില്‍ കെനിയയിലെ ജനങ്ങൾ അതിരൂക്ഷമായ രീതിയിലാണ് പോഷകാഹാര കുറവ് നേരിടുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലം വരൾച്ച നേരിടുന്ന കെനിയ, സുഡാൻ, സൊമാലിയ, ഏതോപ്യ തുടങ്ങിയ രാജ്യങ്ങളിൽ പട്ടിണി മൂലം ക്ലേശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐറിഷ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് കിഴക്കന്‍ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
കിഴക്കൻ ആഫ്രിക്കയിലെ പ്രതിസന്ധിക്ക് ആഗോളതലത്തിൽ ശ്രദ്ധ ലഭിക്കുന്നില്ലായെന്നു ഐറിഷ് മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. പരസ്യപ്രചാരണത്തിലൂടെ യഥാർത്ഥ്യം ബോധ്യപ്പെടുത്തി, കൂടുതൽ ഫണ്ട് സ്വരൂപിക്കാനാണ് ട്രോകയിറേ സംഘടനയുടെ ശ്രമം. ഗവൺമെന്റ് ഇതര സംഘടനകളുടെ സഹകരണത്തോടെ തുർക്കാനയിലെ പട്ടിണിയനുഭവിക്കുന്ന അറുപതിനായിരത്തോളം കുട്ടികൾക്ക് സഹായം സജ്ജമാക്കാൻ സാധിച്ചതായും പോൾ ഹീലി പറഞ്ഞു.