News

ചൈനയിലെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കർദ്ദിനാൾ കോസ്റ്റാന്റിനി വാഴ്ത്തപ്പെട്ട ഗണത്തിലേക്ക്

സ്വന്തം ലേഖകന്‍ 13-08-2017 - Sunday

ബെയ്ജിങ്ങ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ആദ്യ അപ്പസ്തോലിക പ്രതിനിധിയും മിഷൻ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വവും നല്‍കുകയും ചെയ്ത കർദ്ദിനാൾ സെല്‍സോ കോസ്റ്റാന്റിനിയുടെ നാമകരണ നടപടികൾ ആരംഭിച്ചു. ഭരണ നിയന്ത്രണങ്ങള്‍ക്ക് നടുവിലും ചൈനയിലെ സഭയുടെ വളർച്ചയില്‍ കാര്യമായ പങ്കുവഹിച്ച കർദിനാൾ 1958-ൽ ആണ് മരണമടഞ്ഞത്. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനായുള്ള നാമകരണ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

1876 ൽ ജനിച്ച കർദ്ദിനാൾ കോസ്റ്റാന്റ്നി 1899 ൽ പൗരോഹിത്യം സ്വീകരിച്ച് സ്വദേശമായ വെനിറ്റോയിൽ പതിനാല് വർഷത്തോളം സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹത്തെ അപ്പസ്തോലിക പ്രതിനിധിയായി ഇറ്റലിയിലെ ഫിയുമിയിലേക്കയച്ചു. 1921 ൽ മെത്രാനായി അഭിഷിക്തനായ അദ്ദേഹം പിറ്റേ വര്‍ഷം ചൈനയിലെ പ്രഥമ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കപ്പെടുകയായിരിന്നു. യൂറോപ്യൻ അധിനിവേശവും മയക്കുമരുന്ന്‍ കടത്തുമായി കലുഷിത അന്തരീക്ഷം നിലനിന്നിരുന്ന ചൈനയിൽ വിദേശ മിഷ്ണറിമാരെ സംശയ ദൃഷ്ടിയോടെയാണ് ഭരണകൂടം നോക്കി കണ്ടത്.

ഇതിനിടെ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയുടെ അപ്പസ്തോലിക ലേഖനമനുസരിച്ച് തദ്ദേശീയരെ വിദ്യാഭ്യാസം നല്കി പരിശീലിപ്പിച്ച് സഭയുടെ അധികാരികളായി നിയമിക്കാൻ മിഷ്ണറികൾക്ക് നിർദ്ദേശം ലഭിച്ചു. തദ്ദേശീയ ബിഷപ്പുമാരുടെ നിയമനത്തെ പലരും എതിർത്തുവെങ്കിലും ബിഷപ്പ് കോൺസ്റ്റാറ്റിനി തീരുമാനത്തെ സ്വാഗതം ചെയ്തു. ഇതനുസരിച്ച് അന്നത്തെ മെത്രാനായിരുന്ന കോസ്റ്റാന്റിനിയുടെ നേതൃത്വത്തിൽ, 1924 മെയ് 14 മുതൽ ജൂൺ 12 വരെ ഷാങ്കായി ക്യൂജയി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ചൈനീസ് ദേശീയ കത്തോലിക്ക കൗൺസിൽ നടത്തുകയും ബിഷപ്പുമാരെ നിയമിക്കുകയും ചെയ്തു.

1933 ൽ മിഷൻ സേവനം അവസാനിപ്പിച്ച് ഇറ്റലിയിലേക്ക് തിരിച്ചുവെങ്കിലും ചൈനയിലെ സഭയുടെ വളര്‍ച്ചക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ബിഷപ്പ് കോൺസ്റ്റാറ്റിനി ഏകോപിപ്പിച്ചു. വിശ്വാസികളുടെ സൗകര്യാർത്ഥം ലത്തീൻ ഭാഷയിലുള്ള വിശുദ്ധ കുർബാന അദ്ദേഹം ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി. അദ്ദേഹത്തിന്റെ തീവ്രമായ ശ്രമത്തെ തുടര്‍ന്നു 1949 മുതൽ ചൈനീസ് ഭാഷയില്‍ ബലിയർപ്പണം നടത്തുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കി.

1953 ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയാണ് സെൽസോ കോസ്റ്റാന്റ്നിയെ കർദിനാളായി അഭിഷേകം ചെയ്തത്. 5 വര്‍ഷങ്ങള്‍ക്കു ശേഷം 1958-ൽ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ചൈനയിലെ സഭയ്ക്ക് കർദ്ദിനാൾ സെല്‍സോ കോസ്റ്റാന്റിനി നല്‍കിയ വളര്‍ച്ചയ്ക്ക് കൃതജ്ഞത അര്‍പ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ നാമകരണ നടപടിക്രമങ്ങൾക്കു തുടക്കമായത്.

More Archives >>

Page 1 of 210