News - 2025
വെള്ളപ്പൊക്കത്തിലും വിശുദ്ധ കുര്‍ബാന മുടക്കാതെ ഫാദര്‍ ഡേവിഡ്
സ്വന്തം ലേഖകന്‍ 28-08-2017 - Monday
ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ അവഗണിച്ച് വിശ്വാസത്തിനു സാക്ഷ്യം നല്‍കിയുള്ള കത്തോലിക്കാ വൈദികന്റെ സേവനം ശ്രദ്ധേയമാകുന്നു. ഹൂസ്റ്റണ്‍ കരിസ്മാറ്റിക് സെന്‍ററിലെ ഫാദര്‍ ഡേവിഡ് ബെര്‍ഗെറോണ്‍ എന്ന വൈദികനാണ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ അവഗണിച്ച് പ്രദേശത്തെ ജനങ്ങളെ സഹായിക്കുവാനും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ചെറുതോണിയുമായി യാത്രതിരിച്ചത്. ഇത് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പകര്‍ത്തിയതോടെയാണ് വൈദികന്റെ അര്‍പ്പണമനോഭാവത്തെ പറ്റി മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്.
തെരുവുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ദിവ്യബലി അര്‍പ്പിക്കുന്നതിനായി ഒരു ചെറുതോണിയില്‍ (Kayak) തന്റെ ഭവനത്തില്‍ നിന്നും ഇറങ്ങിയതാണെന്ന്‍ ഫാദര്‍ ബെര്‍ഗെറോണ്‍ ചാനല്‍ ജീവനക്കാരോട് പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതായി താന്‍ അറിഞ്ഞുവെന്നും അവരെ സഹായിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
You May Like: അമേരിക്കയിൽ കാട്ടുതീ പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നും കാട്ടുതീയെ കുറിച്ചു പ്രവചിക്കുന്ന ബൈബിൾ ഭാഗം കണ്ടെടുത്തു
ചെറുതോണിയിലെ യാത്രമദ്ധ്യേ അമേരിക്ക എപ്രകാരമാണ് സുവിശേഷവല്‍ക്കരിക്കപ്പെട്ടതെന്ന കാര്യമാണ് തന്റെ ഓര്‍മ്മയിലെത്തിയത്. നമ്മള്‍ ജീവിക്കുന്നു, നമ്മുടെ കര്‍ത്താവും ജീവിക്കുന്നു, കര്‍ത്താവ് എപ്പോഴും നമ്മുടെകൂടെ ഉണ്ട്. അതിനാല്‍ എല്ലാവരുടെയും സംരക്ഷണത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കുറച്ചുപേരുടെയെങ്കിലും മുഖത്ത് ഒരു പുഞ്ചിരിവരുത്തുവാന്‍ തന്റെ ചെറുതോണി യാത്രയ്ക്കു കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പങ്കുവെച്ചു. ഫാദര്‍ ഡേവിഡിന്റെ ആത്മീയ സേവനത്തിനായുള്ള യാത്ര ചാനല്‍ തല്‍സമയ സംപ്രേഷണം ചെയ്തുവെന്നതും ശ്രദ്ധേയമായി.