News - 2025
പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്, പ്രത്യാശയോടെ അവയെ നേരിടുക: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 25-08-2017 - Friday
വത്തിക്കാന്‍ സിറ്റി: എല്ലാവരുടെയും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ അവയെ പ്രത്യാശയോടെ നേരിടുന്നവരാണ് അതിനെ യഥാര്‍ത്ഥത്തില്‍ മറികടക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. പ്രശ്നങ്ങളെ പ്രത്യാശയോടെ തരണം ചെയ്യുന്നവര്‍ക്ക് മുന്‍പില്‍ ജീവിതചക്രവാളം എന്നും മുന്നില്‍ വിരിഞ്ഞുനില്‍ക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ബ്യൂണസ് അയേഴ്സ് യൂണിവേഴ്സിറ്റിയുടെ സംഗീത ക്ലാസ്സുകളിലേക്കു സ്ഥലത്തെ ജയില്‍വാസികളെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി തുടങ്ങുന്ന പരിശീലന പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ച വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പ പ്രത്യാശയെ പറ്റി പ്രത്യേക പരാമര്‍ശം നടത്തിയത്.
ചെയ്ത തെറ്റുകള്‍ക്ക് ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ ശിക്ഷ ഫലദായകമാക്കാം. അല്ലെങ്കില്‍ അത് പീഡനമായും മാറും. ശിക്ഷയ്ക്ക് വേണ്ട പിന്‍ബലം പ്രത്യാശയാണ്. പ്രത്യാശയുണ്ടെങ്കില്‍ ജയിലിലാണെങ്കിലും എവിടെയാണെങ്കിലും ജീവിതം ഫലമണിയും. ജയിലിലെ അന്തേവാസികളായവര്‍ ചെയ്യുന്ന പഠനവും പ്രവൃത്തികളും വ്യക്തി വളര്‍ച്ചയ്ക്കും, സാമൂഹിക രൂപീകരണത്തിനും വഴിതെളിക്കും.
ജീവിത പ്രശ്നങ്ങളാണ് പ്രത്യാശയുടെ ചക്രവാളങ്ങളെ മറച്ചുകളയുന്നത്. എന്നാല്‍ ഓര്‍ക്കുക! എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്, ഉണ്ടാകും. എന്നാല്‍ പ്രത്യാശയോടെ അവയെ നേരിടുന്നവര്‍ അതിനെ മറികടക്കും. അവരുടെ മുന്നില്‍ ജീവിതചക്രവാളം എന്നും വിരിഞ്ഞുനില്ക്കും. ജയില്‍ വാസികള്‍ക്കും അധികൃതര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.