News - 2025

സഭ ജീവനുള്ളതാകുന്നത് ആരാധനക്രമം സജീവമാകുമ്പോഴാണെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 26-08-2017 - Saturday

വത്തിക്കാൻ സിറ്റി: സഭ ജീവനുള്ളതാകുന്നത് ആരാധനക്രമം സജീവമാകുമ്പോഴാഴെന്നും സഭയിൽ കടന്നുകൂടിയിട്ടുള്ള ആരാധനക്രമത്തിലെ ക്രമക്കേടുകൾ തിരുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. ആരാധനക്രമം ഒരാശയമല്ലെന്നും മറിച്ച് അതൊരനുഭവവും പ്രാർത്ഥനയുമാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പോള്‍ ആറാമന്‍ ഹാളില്‍ ഇറ്റലിയുടെ ദേശീയ ആരാധനക്രമ സമ്മേളനത്തിലെ 800-ല്‍ അധികം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ.

‘ലിത്തൂര്‍ജിയ’ എന്ന ഗ്രീക്കു വാക്കിന്‍റെ അര്‍ത്ഥം ദൈവജനത്തിന്‍റെ ആരാധനയെന്നാണ്. ആരാധനക്രമത്തിലെ പ്രാര്‍ത്ഥനകളുടെ രീതിയും ഘടനയും ഭാഷാശൈലിയും സൂചിപ്പിക്കുന്നതും അത് ജനങ്ങളുടെ പ്രാര്‍ത്ഥനയാണെന്നാണ്. ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും, വചനത്തിലൂടെ അവിടുത്തെ ശ്രവിക്കുകയും ചെയ്യുന്ന ആരാധന സമൂഹത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ് ആരാധനക്രമവും അതിന്‍റെ എല്ലാ രൂപങ്ങളും ഭാവങ്ങളും. ആരാധനക്രമം ജനകീയമാണെന്നും നേതൃത്വം നല്കുന്ന വൈദികരുടെ മേല്ക്കോയ്മയായി അത് മാറരുതെന്നും പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ജനപങ്കാളിത്തം തടസ്സപ്പെടുത്തുന്നതും, ജനങ്ങള്‍ക്ക് ഉതപ്പു നല്കുന്നതും, അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതുമായ ആരാധക്രമശൈലികള്‍ അപ്രസക്തമാണ്. അതിനാല്‍ കാലക്രമത്തില്‍ സഭയില്‍ കടന്നുകൂടിയിട്ടുടള്ള ഈ മേഖലയിലെ ക്രമക്കേടുകള്‍ തിരുത്തേണ്ടതാണെന്നും പാപ്പ പറഞ്ഞു. ഇറ്റലിയുടെ ദേശീയ ആരാധനക്രമ കേന്ദ്രവും ആരാധനക്രമത്തിനായി സമര്‍പ്പിതരായിട്ടുള്ള സന്യാസസമൂഹം ദിവ്യഗുരുവിന്‍റെ ശരണദാസികളും സംയുക്തമായിട്ടാണ് ആരാധനക്രമ സമ്മേളനം ദേശീയതലത്തില്‍ സംഘടിപ്പിച്ചത്.

More Archives >>

Page 1 of 214