News - 2025

ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനം സ്ഥിരീകരിച്ചു: ഭാരത സന്ദര്‍ശനം ഇല്ലെന്ന് സൂചന

സ്വന്തം ലേഖകന്‍ 28-08-2017 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനം വത്തിക്കാന്‍ സ്ഥിരീകരിച്ചു. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബര്‍ക്ക് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് മ്യാന്‍മറില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്.

മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന രോഹിംഗ്യ മുസ്‌ലിംകളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലെത്തിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭൂരിപക്ഷ ബുദ്ധമതക്കാരും രോഹിംഗ്യ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെയാണ് പാപ്പയുടെ സന്ദര്‍ശനം. മ്യാന്‍മര്‍- ബംഗ്ലാദേശ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം.

അതേ സമയം മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ഇത്തവണ ഇല്ലായെന്നാണ് സൂചനകള്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മൃദുസമീപനമാണ് ഭാരതസന്ദര്‍ശനത്തിന് തടസ്സമായി നിലനില്‍ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സി‌ബി‌സി‌ഐ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

More Archives >>

Page 1 of 215