News - 2025

ബിഷപ്പുമാരുടെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഐ‌എസ് അല്ലെന്നു ഹിസ്ബുള്ള നേതാവ്

സ്വന്തം ലേഖകന്‍ 31-08-2017 - Thursday

ആലപ്പോ: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ആലപ്പോയിലെ രണ്ട് മെത്രാന്‍മാരും ഐ‌എസിന്‍റെ തടവില്‍ അല്ലെന്ന് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള. ടെലിവിഷന്‍ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 ഏപ്രില്‍ മാസത്തിലാണ് സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ യോഹാന്നാ ഇബ്രാഹിമിനേയും, ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ ബൗലോസ് യസീഗിയേയും തുര്‍ക്കി അതിര്‍ത്തി പ്രദേശത്ത്‌ നിന്നും ആലപ്പോയിലേക്ക് മടങ്ങിവരുന്ന വഴി ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

സിറിയയുടേയും, ലെബനനിന്റേയും അതിര്‍ത്തി പ്രദേശങ്ങളിലുള്ള മലനിരകളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള തീവ്രവാദികളുമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചയില്‍ മെത്രാന്‍മാരുടെ കാര്യവും ഉയര്‍ന്നുവന്നിരുന്നെന്ന് ഹസ്സന്‍ നസ്രള്ള പറയുന്നു. എന്നാല്‍ മെത്രാന്‍മാരെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്ന് ഐ‌എസ് അറിയിച്ചതായി ഹിസ്ബുള്ള നേതാവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ലെബനനിലെ ഷിയാ ഗ്രൂപ്പ് തങ്ങളുടെ തീവ്രവാദികള്‍ക്ക് സുരക്ഷിതമായി കുടുംബത്തില്‍ എത്തിച്ചേരുവാന്‍ ലെബനന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ അകമ്പടി ലഭിക്കുന്നതിനായി തട്ടിക്കൊണ്ടുപോകല്‍ പരമ്പര തന്നെ നടപ്പിലാക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 2014 ഓഗസ്റ്റില്‍ ലെബനീസ് സൈനികരേ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ഇതില്‍ കുറച്ചുപേര്‍ മോചിതരായിട്ടുണ്ടെന്നും ബാക്കിയുള്ള 8 പേരെ മറവ് ചെയ്തിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള സൂചന ഐ‌എസ് നല്‍കിയതായും ഹിസ്ബുള്ള നേതാവ് വീഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തി.

പുതിയ വെളിപ്പെടുത്തല്‍ വന്ന പശ്ചാത്തലത്തില്‍ ബിഷപ്പുമാരുടെ തിരോധാനത്തില്‍ ആശങ്ക തുടരുകയാണ്. ഇരുവരും മരിച്ചതായി പല തവണ വാര്‍ത്ത പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ സഭ സ്ഥിരീകരണം നടത്തിയിട്ടില്ല. ഹസ്സന്‍ നസ്രള്ളയുടെ വെളിപ്പെടുത്തലോടെ സിറിയയിലെ ഇദ്ളിബ് മേഖലയിലെ നുസ്രത്ത് ഫ്രണ്ട് എന്ന തീവ്രവാദി സംഘടനയായിരിക്കാം ബിഷപ്പുമാരുടെ തിരോധാനത്തിന് പിന്നിലെന്ന സംശയം ശക്തമായിരിക്കുകയാണ്.

More Archives >>

Page 1 of 216