News - 2025
സഭ സാഹോദര്യത്തില്‍ ഏകീകരിക്കപ്പെട്ട ജീവന്റെ കൂട്ടായ്മ: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 30-08-2017 - Wednesday
വത്തിക്കാന്‍ സിറ്റി: സഭ വ്യത്യസ്തമായ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അടയാളത്തില്‍ ഏകീകരിക്കപ്പെട്ട ജീവന്‍റെ സമൂഹമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ച് കൂടിയ ആയിരകണക്കിനു വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.
യേശു നമ്മോടു കൂടെ, അവിടുത്തെ സഭ കെട്ടിപ്പടുക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പാപ്പ തന്റെ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മത്തായിയുടെ സുവിശേഷത്തിലെ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ ആസ്പദമാക്കിയായിരിന്നു ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്.
ബലിഷ്ഠമായ അടിസ്ഥാനമുള്ളതാണ് സഭ എന്ന ഭവനമെങ്കിലും അതില്‍ വിള്ളലുകള്‍ വിരളമല്ല. ആകയാല്‍ അറ്റകുറ്റപ്പണികള്‍ എന്നും നിരന്തരാവശ്യമായി ഭവിക്കുന്നു. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ കാലത്തെന്നപോലെ, സഭ നവീകരിക്കപ്പെടുകയും കേടുപാടുകള്‍ തീര്‍ക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. നമ്മള്‍ പാറയാണെന്ന് നാം കരുതുന്നില്ല. മറിച്ച്, ചെറുകല്ലുകളാണ് നമ്മള്‍.
എന്നിരുന്നാലും ഒരു ചെറിയ കല്ലും ഉപയോഗശൂന്യമല്ല. മറിച്ച്, യേശുവിന്‍റെ കരങ്ങളില്‍ ഏറ്റം ചെറിയകല്ല് ഏറ്റം വിലയേറിയതായിത്തീരുന്നു. നാമോരോരുത്തരും ശിലാശകലമാണെങ്കിലും യേശുവിന്‍റെ കരങ്ങളിലൂടെ സഭാനിര്‍മ്മിതിയില്‍ പങ്കുചേരുന്നു. നാം എത്ര ചെറുതാണെങ്കിലും നാം ജീവനുള്ള ശിലകളാക്കപ്പെടുന്നു, എന്തെന്നാല്‍ യേശു സ്വന്തം കരങ്ങളില്‍ അവിടത്തെ കല്ല് എടുക്കുമ്പോള്‍ അതിനെ സ്വന്തമാക്കിത്തീര്‍ക്കുകയും ജീവസ്സുറ്റതാക്കുകയും പരിശുദ്ധാത്മാവിനാല്‍ സ്നേഹഭരിതമാക്കുകയും ചെയ്യുന്നു. അങ്ങനെ നമുക്കു സഭയില്‍ ഒരു സ്ഥാനവും ദൗത്യവും ലഭിച്ചിരിക്കുന്നു.
ക്രിസ്തുവും അപ്പസ്തോലന്മാരും എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ജീവന്‍ നല്കുകയും ചെയ്തുവോ ആ ഐക്യവും കൂട്ടായ്മയും പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കാന്‍ ദൈവമാതാവ് നമ്മേ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.