News - 2025

ദേവാലയത്തിനകത്ത് ഗണപതിയുടെ വിഗ്രഹം പ്രവേശിപ്പിക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ച: സ്പാനിഷ് മെത്രാന്‍ ക്ഷമാപണം നടത്തി

സ്വന്തം ലേഖകന്‍ 30-08-2017 - Wednesday

സിയൂറ്റാ: ദേവാലയത്തിനകത്ത് ഗണപതിയുടെ വിഗ്രഹവുമായി പ്രദക്ഷിണം നടത്തുവാന്‍ ഹൈന്ദവ വിശ്വാസികളെ അനുവദിച്ച സംഭവത്തില്‍ ക്ഷമാപണവുമായി സ്പാനിഷ് മെത്രാന്‍. വടക്കേ ആഫ്രിക്കയിലെ സ്വയംഭരണാവകാശമുള്ള സ്പാനിഷ് കോളനിയിലെ കാഡിസ് സിയൂറ്റാ രൂപതയുടെ കീഴിലുള്ള ഔര്‍ ലേഡി ഓഫ് ആഫ്രിക്കാ ദേവാലയത്തിനകത്താണ് ഗണപതിയുടെ വിഗ്രഹവുമായി പ്രദക്ഷിണം നടത്തുവാന്‍ വൈദികന്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് അനുവാദം നല്‍കിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് ബിഷപ്പ് റാഫേല്‍ സൊര്‍സോണ ബോയ് ക്ഷമാപണം നടത്തിയത്.

സ്യൂട്ടാ, മെലില്ലാ എന്നീ സ്പാനിഷ് കോളനികളിലെ ഹിന്ദുമതവിശ്വാസികള്‍ ഗണേശോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് പ്രദക്ഷിണം നടത്തിയത്. സ്ഥലത്തെ ഔര്‍ ലേഡി ഓഫ് ആഫ്രിക്കാ ദേവാലയത്തിനടുത്തെത്തിയപ്പോള്‍ രൂപതയുടെ വികാരി ജനറാളായ ഫാ. ജുവാന്‍ ജോസ് മാറ്റിയോസ് കാസ്ട്രോ പ്രദക്ഷിണ സംഘത്തെ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ദേവാലയത്തിനകത്ത് ഗണപതിയുടെ വിഗ്രഹവുമായി പ്രദക്ഷിണം നടക്കുമ്പോള്‍ ക്രിസ്ത്യന്‍ കുട്ടികള്‍ മാതാവിന്റെ സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ചെയ്തിരിന്നു.

കത്തോലിക്കാ വിശ്വാസത്തിനു ഒട്ടും നിരക്കാത്ത പ്രവര്‍ത്തിയെക്കുറിച്ച് പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ബിഷപ്പ് ക്ഷമാപണം നടത്തിയത്. ഗുരുതരമായ തെറ്റാണിതെന്നും ക്രിസ്തീയ പാരമ്പര്യങ്ങളോട് ദേവാലയവും അധികൃതരും വിശ്വസ്തത കാണിക്കേണ്ടതായിരുന്നുവെന്നും ബിഷപ്പ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറയുന്നു. സത്യദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യന്‍ ദേവാലയത്തിനകത്ത് വിജാതീയ ദേവന്റെ രൂപം പ്രവേശിപ്പിച്ചത് തെറ്റായിപ്പോയെന്ന്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

ഹിന്ദുമതവിശ്വാസികളുടെ സ്നേഹത്തേയും, വിശ്വാസത്തേയും തങ്ങള്‍ മാനിക്കുന്നുവെന്നും രൂപതയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. അതേസമയം വികാരി ജനറാള്‍ പദവിയില്‍ നിന്നും രാജിവെക്കുവാനുള്ള സന്നദ്ധത ഫാ. ജുവാന്‍ ജോസ് മാറ്റിയോസ് അറിയിച്ചു. അദ്ദേഹത്തിന്റെ രാജി രൂപത സ്വീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

More Archives >>

Page 1 of 216