News - 2025
സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാനാകാത്ത പാപം: കോപ്റ്റിക് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍
സ്വന്തം ലേഖകന്‍ 01-09-2017 - Friday
സിഡ്നി: സ്വവര്‍ഗ്ഗ വിവാഹം യാതൊരുതരത്തിലും അംഗീകരിക്കുവാന്‍ കഴിയാത്തതാണെന്നും അത് പാപമായി പരിഗണിക്കപ്പെടേണ്ടതാണെന്നും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍. പത്തുദിവസത്തെ അജപാലക സന്ദര്‍ശത്തിനായി ഓസ്ട്രേലിയലെത്തിയ പാത്രിയാര്‍ക്കീസ്, സിഡ്നി എയര്‍പ്പോര്‍ട്ടില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ഇപ്രകാരം പറഞ്ഞത്.
വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നപോലെ ദൈവം പുരുഷനേയും, സ്ത്രീയേയും സൃഷ്ടിച്ചു, ഇതിനാല്‍ പുരുഷനും സ്ത്രീയും തമ്മിലേ വിവാഹം കഴിക്കുവാന്‍ പാടുള്ളൂ. അതുകൊണ്ടാണ് സ്വവര്‍ഗ്ഗവിവാഹം ക്രിസ്തീയ വിശ്വാസത്തില്‍ സ്വീകാര്യമല്ലെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കണമോ എന്ന ചര്‍ച്ച ഓസ്ട്രേലിയയില്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്.
Must Read: സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?
ഈജിപ്തിന് പുറത്തുള്ള മൂന്നാമത്തെ വലിയ കോപ്റ്റിക് സമുദായമാണ് ഓസ്ട്രേലിയയിലുള്ളത്. ഈ സാഹചര്യത്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ തലവന്റെ അഭിപ്രായം ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. 2012-ല്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്.
ഓസ്ട്രേലിയയിലെ കാന്‍ബറ, മെല്‍ബണ്‍ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകളും ദേവാലയങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. രാജ്യത്തെ കോപ്റ്റിക് ക്രിസ്ത്യാനികളോടുള്ള പിന്തുണ പ്രകടിപ്പിക്കുക എന്ന ലക്ഷ്യമാണ് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ പിന്നിലെ ലക്ഷ്യം. ഇതിനു ശേഷം ജപ്പാന്‍ സന്ദര്‍ശിക്കുവാനുള്ള പദ്ധതിയും പാത്രിയാര്‍ക്കീസിനുണ്ട്.