News - 2025
ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീഷണി: മധ്യപൂർവേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ പകുതിയായി കുറഞ്ഞെന്ന് പുതിയ പഠനം
സ്വന്തം ലേഖകന്‍ 02-09-2017 - Saturday
വത്തിക്കാന്‍ സിറ്റി: സിറിയയിലെ ആഭ്യന്തരയുദ്ധവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയേയും തുടര്‍ന്നു മദ്ധ്യപൂർവേഷ്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ പകുതിയായി കുറഞ്ഞെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മാനുഷികവും, അജപാലകപരവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വത്തിക്കാന്‍ ഏജന്‍സിയായ കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇസ്ളാമിക തീവ്രവാദികളുടെ ശക്തമായ ഭീഷണി മൂലം ആയിരകണക്കിന് ക്രൈസ്തവരാണ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്തതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
രണ്ടാം നൂറ്റാണ്ടുമുതല്‍ക്കേ ഇറാഖില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് ഇറാഖി ക്രിസ്ത്യാനികളുടെ ജനസംഖ്യ പകുതിയായി കുറഞ്ഞുവെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. 1990-കളില്‍ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ 2017ആയപ്പോഴേക്കും അത് 2,50,000 ആയി കുറഞ്ഞു. പലായനം ചെയ്ത ക്രിസ്ത്യാനികളുടെ തിരിച്ചുവരവിനെ ആശ്രയിച്ചിരിക്കും ഇറാഖിലെ ക്രിസ്തുമതത്തിന്റെ നിലനില്‍പ്പെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായി പരിഗണിച്ചിരിന്ന സിറിയയിലെ കാര്യങ്ങളും ഒട്ടും വ്യത്യസ്തമല്ല. 2010-ലെ കണക്കനുസരിച്ച് സിറിയയിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തോളം ക്രിസ്ത്യാനികളായിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ആരംഭത്തോടെ അത് പകുതിയായി കുറഞ്ഞു, 2.2 ദശലക്ഷത്തില്‍ നിന്നും 1.1 ദശലക്ഷമായി കുറഞ്ഞെന്നാണ് പഠനം എടുത്തുകാണിക്കുന്നത്. ഈ മേഖലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടാകുന്ന അടിച്ചമര്‍ത്തലുകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
1915-1917 കാലയളവില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്തപ്പോഴും ഈ മേഖലയില്‍ ഇപ്പോഴത്തേതിനു സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവു കണ്ടിരുന്നു. മധ്യ-പൗരസ്ത്യ ദേശങ്ങളിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം സഹനങ്ങളുടെ വര്‍ഷമായിരിന്നുവെന്നും രാജ്യങ്ങളിലെ ക്രൈസ്തവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും നേരത്തെ ഓപ്പണ്‍ ഡോര്‍സ് യുഎസ്‌എയും റിപ്പോര്‍ട്ട് ചെയ്തിരിന്നു.