News - 2025

കർദ്ദിനാൾ കോർമക് മർഫി കോണോർ ദിവംഗതനായി

സ്വന്തം ലേഖകന്‍ 02-09-2017 - Saturday

ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ കോർമക് മർഫി ഒ കോണോർ ദിവംഗതനായി. എൺപത്തിയഞ്ചു വയസ്സായിരുന്നു. ഇന്നലെയാണ് (സെപ്റ്റബർ ഒന്ന്) കർദ്ദിനാൾ അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.

അയർലന്റിൽ നിന്നും ഇംഗ്ലണ്ടിലെ റീഡിങ്ങിലേക്ക് കുടിയേറിയ കോർമക് കോണോർ പ്രസന്റേഷൻ കോളേജിലും പ്രിയോർ പാർക്ക് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് സെമിനാരിയിൽ ചേർന്ന അദ്ദേഹം വെനറബിൾ ഇംഗ്ലീഷ് കോളേജിലും പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായി ഉന്നത വിദ്യാഭ്യാസം നേടി.

1956 ഒക്ടോബർ 28നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. 1966-ൽ പോർട്ട്സ്മോത്ത് ബിഷപ്പ് ഡെറിക്ക് വോർലോക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. 1971 മുതൽ വെനറബിൾ ഇംഗ്ലീഷ് കോളേജ് റെക്ടറായി. 1977ൽ ആണ് അദ്ദേഹം അരുണ്ഡൽ ബ്രൈറ്റ്ടൻ ബിഷപ്പായി നിയമിതനായത്. 23 വർഷത്തിന് ശേഷം 2000 ഫെബ്രുവരിയിൽ ആണ് അദ്ദേഹത്തിന് വെസ്റ്റ് മിൻസ്റ്റർ അതിരൂപതയുടെ ദൗത്യം ലഭിക്കുന്നത്.

ആർച്ച് ബിഷപ്പായി നിയുക്തനായ അദ്ദേഹത്തെ തൊട്ടടുത്ത വർഷം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദ്ദിനാളായി ഉയർത്തി. 2009-ൽ വെസ്റ്റ് മിൻസ്റ്ററിൽ നിന്നും ഓദ്യോഗികമായി വിരമിച്ച അദ്ദേഹം പിന്നീട് മെത്രാൻ സമിതിയിലും അർമാഗ് രൂപതയുടെ അപ്പസ്തോലിക വിസിറ്റിറായും സേവനം ചെയ്തു.

1982 മുതൽ 2000 വരെയുള്ള കാലയളവിൽ ആംഗ്ലിക്കൻ റോമൻ കാത്തലിക് അന്താരാഷ്ട്ര എക്യുമെനിക്കൽ കമ്മീഷൻ അന്താരാഷ്ട്ര കമ്മീഷൻ സഹ ചെയർമാൻ പദവിയിലും കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹത്തിന് ലാംബത്ത് ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് ഡിവിനിറ്റി അവാർഡ് നൽകി കാന്റർബറി രൂപത ആദരിച്ചിരുന്നു.

More Archives >>

Page 1 of 217