News - 2025
ദയാവധം: ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ബ്രദേഴ്സ് ഓഫ് ചാരിറ്റി
സ്വന്തം ലേഖകന്‍ 13-09-2017 - Wednesday
ബെൽജിയം: മാര്‍പാപ്പയുടെ താക്കീതിനെ അവഗണിച്ച് ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ദയാവധം തുടരുമെന്ന് റിപ്പോര്‍ട്ട്. മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടിയാണ് നേരത്തെ മാർപാപ്പയുടെ ഇടപെടലിനെ തുടർന്ന് നിറുത്തിവച്ചത്. ഈ നിര്‍ദ്ദേശം അവഗണിച്ചു ദയാവധം നല്‍കാനുള്ള തീരുമാനം തുടരുമെന്നാണ് ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭ നല്‍കുന്ന സൂചന.
അതേ സമയം നിർദേശത്തിന് വഴങ്ങാത്ത സാഹചര്യത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുവാനാണ് സാധ്യത. കാനോൻ നിയമാനുസൃതമായ കത്തിൽ ഒപ്പുവയ്ക്കാൻ മടിക്കുന്ന കോൺഗ്രിഗേഷൻ അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും. മാര്‍പാപ്പ നല്‍കിയ നിര്‍ദ്ദേശം ബെൽജിയം മെത്രാന്മാരെ അറിയിച്ചുവെന്നു കോൺഗ്രിഗേഷൻ വക്താവ് ബ്രദര്‍ റെനി സറ്റോക്ക് നേരത്തെ വെളിപ്പെടുത്തിയിരിന്നു. 1807-ല്‍ ഫാ. കാനന്‍ പീറ്റര്‍ ട്രീസ്റ്റ് ആണ് ബെല്‍ജിയത്തിലെ ഘെന്റില്‍ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ എന്ന ആത്മീയ സഭ സ്ഥാപിച്ചത്. ദയവധത്തിന് അനുകൂലമായ തീരുമാനം ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ സഭ അടുത്തിടെയാണ് കൈക്കൊണ്ടത്.