News - 2025
ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍ കോളിന്‍സ്
സ്വന്തം ലേഖകന്‍ 12-09-2017 - Tuesday
ഒട്ടാവ: ക്രൈസ്തവ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കനേഡിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ടൊറന്‍റോ കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്. സെപ്റ്റംബര്‍ 10-ന് പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ വേണ്ടി സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തിനിടെ അത്മായരും പുരോഹിതരുമടങ്ങുന്ന ഏതാണ്ട് 300-ഓളം പേര്‍ അടങ്ങുന്ന വിശ്വാസി സമൂഹത്തിന്റെ മുന്‍പില്‍ വെച്ചാണ് കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥന നടത്തിയത്.
2015-ല്‍ ലിബിയയില്‍ വെച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ 21 ഈജിപ്ത്യന്‍ ക്രിസ്ത്യാനികളുടെ കാര്യവും കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മതമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായിട്ടുള്ള മതവിഭാഗം ക്രിസ്ത്യാനികളാണെന്ന വസ്തുത അംഗീകരിക്കപ്പെടാതെ പോയിരിക്കുകയാണ്. നീതിപരവും, മാനുഷികവുമായ മാന്യത ഇക്കാര്യത്തില്‍ ആവശ്യമാണ്.
നമ്മള്‍ എല്ലാവരും, പ്രത്യേകിച്ച് കനേഡിയന്‍ സര്‍ക്കാര്‍ ഇവിടെ അഭയം ആഗ്രഹിച്ചെത്തുന്ന അഭയാര്‍ത്ഥികളോട് വാക്കാലും, പ്രവര്‍ത്തിയാലും കരുണകാണിക്കേണ്ടത് ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന സഹകരണ മനോഭാവത്തെ കണക്കിലെടുത്താണ് കര്‍ദ്ദിനാള്‍ കോളിന്‍സ് അഭ്യര്‍ത്ഥന നടത്തിയത്. കാനഡയിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാനായ മിനാ ഉള്‍പ്പെടെ വിവിധ സഭാദ്ധ്യക്ഷന്മാര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.