News - 2025
ധരിക്കാന്‍ ഒറ്റ വസ്ത്രം, സമയം നീക്കിയത് പ്രാര്‍ത്ഥനയിലൂടെ: വെളിപ്പെടുത്തലുമായി ഫാ. ടോം
സ്വന്തം ലേഖകന്‍ 14-09-2017 - Thursday
വത്തിക്കാന്‍ സിറ്റി: ഭീകരരുടെ തടവിലായിരിന്നപ്പോള്‍ അനുഭവിച്ച യാതനകളെ വിവരിച്ച് ഫാ. ടോം ഉഴുന്നാലില്‍. തടവിലായിരുന്ന കാലം മുഴുവന്‍ ധരിക്കാന്‍ ഒരു വസ്ത്രം മാത്രമേ ഉണ്ടായിരിന്നുള്ളൂവെന്നും മൂന്നുതവണ ബന്ധനസ്ഥനാക്കി താവളം മാറ്റിയെന്നും ഫാ. ടോം വെളിപ്പെടുത്തി. സലേഷ്യന്‍ സഭാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫാ. ടോം ഭീകരരുടെ കീഴിലുള്ള ഒന്നരവര്‍ഷത്തെ ജീവിതത്തെ പറ്റി ഓര്‍ത്തെടുത്തത്.
"ഭീകരരുടെ തടവിലായിരുന്ന ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ല. തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കല്‍പ്പോലും അപമര്യാദയായി പെരുമാറിയില്ല. അറബിയിലായിരുന്നു സംഭാഷണങ്ങള്‍. അല്പം ഇംഗ്ലീഷും അവര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ മെലിയുന്നതു കണ്ട് പ്രമേഹം നിയന്ത്രിക്കാനുള്ള ഗുളിക അവര്‍ തന്നിരുന്നു. ഇക്കാലമത്രയും ധരിക്കാന്‍ ഒരേ വസ്ത്രം തന്നെയാണുണ്ടായിരുന്നതും. മൂന്നു തവണ താവളം മാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്".
"തെക്കൻ യെമനിലെ ഏഡനിലെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തിയിരുന്ന വൃദ്ധസദനത്തിനു നേരെ ഭീകരാക്രമണം നടക്കുമ്പോൾ അവിടത്തെ ചാപ്പലിലായിരുന്നു താൻ. അവിടെ നിന്നാണു തട്ടിക്കൊണ്ടുപോകുന്നത്. തടവിനിടെ പ്രാർത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. കുർബാനയിലെ പ്രാർത്ഥനകളും പ്രതിവചനങ്ങളും മനസ്സിൽ ഉരുവിടും". ഫാ. ടോം വെളിപ്പെടുത്തി. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷി എന്നാണ് വത്തിക്കാൻ ഫാ. ടോമിനെ വിശേഷിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമാന്‍ സമയം രാവിലെ 8.50 നാണ് യെമനിലെ അല്‍ മുഖാലയില്‍ നിന്നു ഫാ. ടോമിനെ മോചിപ്പിച്ച് ഒമാന്‍ സര്‍ക്കാരിന്റെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ മസ്‌ക്കറ്റിലെത്തിച്ചത്. അവിടെയെത്തി രണ്ടു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തില്‍ ഫാ. ടോം റോമിലേക്കു പുറപ്പെടുകയായിരിന്നു. പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും ശേഷമാണ് വത്തിക്കാന്റെ അഭ്യര്‍ത്ഥനപ്രകാരം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ശക്തമായ ഇടപെടലിലാണ് ഫാ.ടോമിന് മോചനം ലഭിച്ചത്.