News
തളരാത്ത നിശ്ചയദാര്‍ഢ്യവുമായി ഫാദര്‍ ടോം ഉഴുന്നാലിന്റെ സന്ദേശം
സ്വന്തം ലേഖകന്‍ 15-09-2017 - Friday
വത്തിക്കാൻ സിറ്റി: ദൈവം എല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് എത്തുമെന്നു ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരരുടെ തടങ്കലില്‍നിന്നു മോചിതനായി വത്തിക്കാനില്‍ എത്തിയതിന് ശേഷമുള്ള ആദ്യ വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സര്‍വ്വശക്തനായ ദൈവത്തോടും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും മോചനത്തിനായി ശ്രമിച്ചവരോടും നന്ദി പ്രകാശിപ്പിക്കുന്നു. ദൈവത്തിന്റെ സ്നേഹവും കരുണയും അനന്തമാണ് എന്ന ആമുഖത്തോടെയാണ് ഫാ. ടോം കൃതജ്ഞത പ്രകാശിപ്പിക്കുന്നത്.
ദൈവം വലിയവനാണ് അവിടുത്തെ കരുണ അനന്തമാണ്. നമ്മെക്കുറിച്ച് ദൈവത്തിന് പദ്ധതിയുണ്ട്. ഞാൻ കടന്നു പോയതും അതിലൂടെയാണ്. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കി. ഞാന്‍ മോചിതനായി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്ക് ഞാൻ ദൈവത്തിനു നന്ദി പറയുന്നു. എന്റെ മോചനം സാധ്യമാക്കിയവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി. ഫാ. ടോം പറഞ്ഞു. അവശതകളെ അതിജീവിച്ചു ദൗത്യം പൂര്‍ത്തിയാക്കുമെന്ന ഫാദര്‍ ടോം ഉഴുന്നാലിലിന്‍റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നതു തളരാത്ത നിശ്ചയദാര്‍ഢ്യമാണ്.