News
ഭീകരര്‍ പീഡിപ്പിച്ചിട്ടില്ല, പാസ്‌പോർട്ട് ലഭിച്ചാല്‍ ഇന്ത്യയിലേക്ക് തിരിക്കും: ഫാദർ ടോം ഉഴുന്നാലിൽ
സ്വന്തം ലേഖകന്‍ 16-09-2017 - Saturday
വത്തിക്കാൻ സിറ്റി: ഭീകരര്‍ തന്നെ പീഡിപ്പിച്ചിട്ടില്ലായെന്നും പാസ്പോര്‍ട്ട് ലഭിച്ചാല്‍ ഉടനെ ഇന്ത്യയിലേക്ക് തിരിക്കുമെന്നും ഫാദർ ടോം ഉഴുന്നാലിൽ. റോമിലെ സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്പോർട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നം. ഉടൻതന്നെ പുതിയ പാസ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലായെന്നും ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തന്നെ തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. പക്ഷേ എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവർ അതു വെളിപ്പെടുത്തിയിട്ടുമില്ല. ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചു. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. അവര്‍ ഒരിക്കൽപോലും മോശമായി പെരുമാറിയില്ല.
പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകി. ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കി. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാൻ പണം നൽകിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു. തടവിനിടെ പ്രാർത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ലെന്നും ഫാ. ടോം പറഞ്ഞു.