News - 2025
ദൈവീക പദ്ധതിയെ പ്രകീർത്തിച്ച് അമേരിക്കൻ ഫുട്ബോള്‍ താരം ടിം ടെബോ
സ്വന്തം ലേഖകന്‍ 26-09-2017 - Tuesday
വാഷിംഗ്ടൺ: ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നമ്മുക്ക് അത് മനസ്സിലാക്കാന്‍ സാധിക്കില്ലെങ്കിലും പ്രതീക്ഷയോടെ അതിനായി കാത്തിരിക്കണമെന്ന് മുന്‍ അമേരിക്കന്‍ ഫുട്ബോള്‍ താരം ടിം ടെബോ. പതിനാലായിരത്തോളം വരുന്ന അലബാമ ഹൈസ്കൂൾ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുപ്പോഴാണ് അദ്ദേഹം ദൈവീകപദ്ധതിയെ പ്രകീര്‍ത്തിച്ചത്.
പ്രാർത്ഥനയിലൂടെ തീരുമാനത്തിലെത്തണമെന്നാണ് തന്റെ പിതാവായ ടെബോ നിര്‍ദ്ദേശിച്ചിരിന്നത്. ഒരു ദശാബ്ദത്തോളമായി താൻ പ്രാർത്ഥനയിലാണ് അഭയം പ്രാപിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 2009 ൽ ഗേറ്റേഴ്സ് ചാമ്പ്യൻഷിപ്പ് മത്സരം അലബാമ യുണിവേഴ്സിറ്റി ടീമിനോട് പരാജയപ്പെട്ടതോടെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ ചേർന്ന തന്റെ തീരുമാനം തെറ്റായിരുന്നോ എന്ന് താൻ സംശയിച്ചു. എന്നാൽ ഫ്ലോറിഡ ടീം രണ്ടു ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയതോടെ ദൈവഹിതം താൻ മനസ്സിലാക്കി. ദൈവിക പദ്ധതിയ്ക്കായി തന്നെ ദൈവം നയിക്കുകയായിരുന്നുവെന്ന് പിന്നീടാണ് ബോധ്യമായത്. ടിം പറഞ്ഞു.
പ്രശസ്തിയുടെ നടുവിലും തന്റെ ശക്തമായ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുന്നില്‍ പ്രഘോഷിക്കുന്ന ഒരാളാണ് ടിം ടെബോ. മത്സരകളങ്ങളില്‍ കണ്ണിന് താഴെ ബൈബിള്‍ വാക്യങ്ങള്‍ എഴുതിയും ട്വിറ്ററില്‍ അനുദിനം ദൈവവചനം പങ്കുവെച്ചും ശ്രദ്ധേയനാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിം ഗര്‍ഭാവസ്ഥയിലായിരിന്നപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു അബോര്‍ഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ടിമ്മിന്റെ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചിരിന്നു. ഇതിനെ അവഗണിച്ചു വിശ്വാസത്തിനു സാക്ഷ്യം നല്‍കികൊണ്ടാണ് ടിമിനെ, അമ്മ പമേള ജന്മം നല്‍കിയത്. ഈ വിശ്വാസസാക്ഷ്യം ജീവിതത്തില്‍ പകര്‍ത്തി അനേകര്‍ക്ക് മുന്നില്‍ യേശുവിനെ പ്രഘോഷിക്കുകയാണ് ഈ 30കാരന്‍.