News - 2025

'ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍' ധാരണാ പത്രത്തില്‍ മെത്രാന്മാര്‍ ഇന്നു ഒപ്പുവയ്ക്കും

സ്വന്തം ലേഖകന്‍ 08-10-2017 - Sunday

കൊച്ചി: കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ വടക്കേ ഇന്ത്യയിലെ 12 മിഷന്‍ രൂപതകളുമായി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യരംഗങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ധാരണാ പത്രത്തില്‍ മെത്രാന്മാര്‍ പരസ്പരം ഒപ്പുവയ്ക്കും. കേരള ലത്തീന്‍ സഭയുടെ പ്രേഷിത മുഖം ദീപ്തമാക്കുന്ന വലിയ ചുവടുവയ്പാണ് മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷനില്‍ ഒപ്പുവയ്ക്കപ്പെടുന്ന ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോജക്ട്. ‘കേരള ലത്തീന്‍ സഭയുടെ പ്രേഷിതമുഖം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു കേരള ലത്തീന്‍ സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ഇക്കഴിഞ്ഞ 30-ാമത് ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്തത്.

ഈ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ സുപ്രധാന ചിന്തയായിരുന്നു കേരള ലത്തീന്‍ സഭയുടെ പ്രേഷിതരംഗം കേരളത്തില്‍ മാത്രം ഒതുക്കേണ്ടതല്ലായെന്നും ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേക്ക് പ്രത്യേകിച്ച് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ആശയം. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ധാരകളെ സുവിശേഷവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ 12 ലത്തീന്‍ രൂപതകളും വടക്കേ ഇന്ത്യയിലെ 12 മിഷന്‍ രൂപതകളുമായി ബന്ധപ്പെട്ടുനില്‍ക്കുക എന്ന ആശയം രൂപീകരിച്ചത്. അതിന്റെ പരിണിതഫലമാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോജക്ടിന്റെ ആവിര്‍ഭാവം.

തിരുവനന്തപുരം അതിരൂപത അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയുമായാണ് മിഷന്‍ ബന്ധം സ്ഥാപിക്കുന്നത്. വരാപ്പുഴ അതിരൂപത മധ്യപ്രദേശിലെ ത്ധാന്‍സി രൂപതയുമായി മിഷന്‍ ലിങ്കേജ് ധാരണാപത്രം കൈമാറും. തിരുവനന്തപുരം പ്രൊവിന്‍സിലെ മറ്റു രൂപതകളായ നെയ്യാറ്റിന്‍കര മധ്യപ്രദേശിലെ ഗ്വാളിയര്‍ രൂപതയുമായും പുനലൂര്‍ രൂപത ഛത്തീസ്ഗഡിലെ ബഗല്‍പ്പൂര്‍ രൂപതയുമായും, കൊല്ലം രൂപത ഉത്തര്‍പ്രദേശിലെ അലഹബാദ് രൂപതയുമായും ആലപ്പുഴ രൂപത അസമിലെ ഗുവാഹട്ടി അതിരൂപതയുമായാണ് മിഷന്‍ ലിങ്കേജുണ്ടാക്കുന്നത്.

വരാപ്പുഴ പ്രൊവിന്‍സിലെ കൊച്ചി രൂപത ചാണ്ഡിഗര്‍ലെ സിംല രൂപതയുമായും കോട്ടപ്പുറം രൂപത മഹാരാഷ്ട്രയിലെ നാഗ്പൂര്‍ അതിരൂപതയുമായും വിജയപുരം രൂപത അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതയുമായും കോഴിക്കോട് രൂപത ബിഹാറിലെ ബക്‌സാര്‍ രൂപതയുമായും കണ്ണൂര്‍ രൂപത ഒറീസയിലെ ബാലസോര്‍ രൂപതയുമായും സുല്‍ത്താന്‍പേട്ട് രൂപത മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയുമായാണ് ഹാര്‍ട്ടു ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോജക്ടില്‍ പരസ്പര ധാരണയിലെത്തുന്നത്.

ധാരണാപത്ര കൈമാറ്റത്തിനായി ആര്‍ച്ച്ബിഷപ്പുമാരായ ഡോ. അബ്രഹാം വിരുതുകുളങ്ങര (നാഗ്പൂര്‍), ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി), ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര (ബക്‌സാര്‍), ഡോ. തോമസ് തേനാട്ട് (ഗ്വാളിയര്‍), ഡോ. കുര്യന്‍ വലിയകണ്ടത്തില്‍ (ഭഗല്‍പ്പൂര്‍), ഡോ. സൈമണ്‍ കൈപ്പുറം (ബാലസോര്‍), ഡോ. റാഫി മഞ്ഞളി (അലഹബാദ്), ഡോ. ഇഗ്നേഷ്യസ് ലൊയോള ഐവന്‍ മസ്‌ക്രീനാസ് (സിംല-ചാണ്ഡിഗര്‍), ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ (മിയാവ്), ഡോ. ചാക്കോ തോട്ടുമാരിക്കല്‍ (ഇന്‍ഡോര്‍), ഡോ. ജോണ്‍ തോമസ് കട്ട്‌റുകുടിയില്‍ (ഇറ്റാനഗര്‍), ഡോ. പീറ്റര്‍ പറപ്പുള്ളില്‍ (ത്ധാന്‍സി), ഡോ. പോള്‍ മൈപ്പാന്‍ (ഖമ്മം) എന്നിവര്‍ പങ്കെടുക്കും.

കേരള ലത്തീന്‍ സഭയുടെ മിഷന്‍ ചൈതന്യം വര്‍ധിപ്പിക്കുന്നതിനും ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ മിഷണറിമാരെ കണ്ടെത്തുന്നതിനും ഈ പ്രോജക്ട് വലിയ പ്രേരക ഘടകമായിരിക്കും. മിഷന്‍ കോണ്‍ഗ്രസ് കേരള ലത്തീന്‍ സഭയുടെ ഹൃദയങ്ങള്‍ തൊട്ടറിയുന്നതും ഹൃദയങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന ചൈതന്യവുമായി പുതിയൊരു പ്രേഷിത മുഖത്തിന് രൂപം നല്‍കും. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ഒപ്പുവെക്കല്‍ നടക്കുക.

More Archives >>

Page 1 of 231