News - 2025
മതനിരപേക്ഷ സമൂഹങ്ങളിലെ വിശ്വാസമൂല്യച്യുതിയെ ചൂണ്ടിക്കാണിച്ച് ഡച്ച് കര്‍ദ്ദിനാള്‍
സ്വന്തം ലേഖകന്‍ 04-10-2017 - Wednesday
റോം: മതനിരപേക്ഷ സമൂഹങ്ങളില്‍ സഭാപ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ കുറവാണെങ്കിലും ശേഷിക്കുന്ന ന്യൂനപക്ഷം വിശ്വാസ സാക്ഷ്യങ്ങള്‍ വഴി അവയെ നേരിടണമെന്ന്‍ ഡച്ച് കര്‍ദ്ദിനാള്‍ വില്‍ഹെം ജേക്കബുസ് ഐജ്ക്. ദയാവധത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കുന്നതിനായി റോമിലെത്തിയപ്പോള്‍ സിഎന്‍എയ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് നെതര്‍ലന്‍ഡ്‌സിലെ ഉട്രെക്ക്റ്റിലെ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ വില്‍ഹെം ഇക്കാര്യം പറഞ്ഞത്. ലോകമാകമാനമുള്ള കത്തോലിക്കര്‍ സര്‍ഗ്ഗശക്തിയും സാംസ്കാരിക ഔന്നത്യവുമുള്ള സമൂഹമായിരിക്കണമെന്നും കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കി.
മതനിരപേക്ഷ സമൂഹത്തില്‍ കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നുമാത്രമാണ് ദയാവധം. 2003 മുതലുള്ള പത്തുവര്‍ഷക്കാലത്തിനിടയില്‍ നെതര്‍ലന്‍ഡ്‌സിലെ കത്തോലിക്കരില്‍ വന്ന കാര്യമായ കുറവും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. 1970നും 80നും ഇടക്കുള്ള കാലയളവില്‍ രാജ്യത്ത് വികാസം പ്രാപിച്ച മതനിരപേക്ഷതയും ഭൗതീകതയുമാണ് ഇതിന്റെ പ്രധാന കാരണമായി അദ്ദേഹം എടുത്തുകാണിക്കുന്നത്.
മതനിരപേക്ഷതയും ഭൗതീകതയും പൊതുജീവിതത്തില്‍ വിശ്വാസത്തിനു പ്രാധാന്യം കുറക്കുകയും, ആത്മീയ സംഘടനകള്‍ അപ്രസക്തമാവുകയും ചെയ്തു. 2002-ല്‍ ദയാവധം നിയമപരമാക്കുന്നത് വരെ കാര്യങ്ങള്‍ എത്തി. ഭ്രൂണഹത്യയുടേയും ദയാവധത്തിന്റേയും പേരിലാണ് ഇപ്പോള്‍ ഡച്ച് സമൂഹം അറിയപ്പെടുന്നതെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യമായ ബെല്‍ജിയത്തിലും കാര്യങ്ങള്‍ ഒട്ടുംതന്നെ വ്യത്യസ്തമല്ല.
ബെല്‍ജിയത്തില്‍ ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ ആശുപത്രിയില്‍ നിലനില്‍ക്കുന്ന ദയാവധ നിലപാടിനെ പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പാസാക്കുവാനും ഭേദഗതി വരുത്തുവാനും, നമ്മുടെ നിലപാടുകള്‍ ജേര്‍ണലുകളിലൂടെയും, വെബ്സൈറ്റുകളിലൂടെയും വിവരിക്കുവാനും നമ്മള്‍ കഠിനമായി പരിശ്രമിക്കുന്നത് പോലെതന്നെ സുവിശേഷങ്ങള്‍ പ്രഘോഷിക്കുവാനും വിശ്വാസികള്‍ ശ്രമിക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ വില്‍ഹെം പറഞ്ഞു.