News - 2025
കത്തോലിക്കാ വിശ്വാസിയായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് ‘പേപ്പല്‍ നിന്‍ജാ’
സ്വന്തം ലേഖകന്‍ 06-10-2017 - Friday
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് ശൃഖലയായ എന്‍ബിസിയുടെ ജനപ്രീതിയാര്‍ജ്ജിച്ച സാഹസിക ഗെയിം ഷോ ആയ ‘അമേരിക്കന്‍ നിന്‍ജാ വാരിയര്‍’ എന്ന ഒബ്സ്റ്റക്കിള്‍ ഡിസൈന്‍ ചലഞ്ചിലെ സീന്‍ ബ്രയാന്‍ യേശു ക്രിസ്തുവിലും, കത്തോലിക്കാ സഭയിലുമുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. സിഎന്‍എക്കു അനുവദിച്ച അഭിമുഖത്തിലാണ് ബ്രയാന്‍ തന്റെ വിശ്വാസ പ്രഖ്യാപനം നടത്തിയത്. മത്സരത്തിലുടനീളം തന്റെ കത്തോലിക്കാ വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുവാനും ഉയര്‍ത്തിപ്പിടിക്കുവാനും കഴിഞ്ഞതില്‍ കൃതാര്‍ത്ഥനാണ് താനെന്നും ബ്രയാന്‍ പറഞ്ഞു.
സുവിശേഷ പ്രഘോഷണത്തിനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് താന്‍ അമേരിക്കന്‍ നിന്‍ജാ വാരിയറെ കാണുന്നതെന്നു ബ്രയാന്‍ പറഞ്ഞു. ‘പാപ്പല്‍ നിന്‍ജാ’ എന്ന പേരില്‍ അറിയപ്പെടുന്ന ബ്രയാന്‍ രണ്ടു പ്രാവശ്യം ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ നിന്‍ജാ വാരിയറിന്റെ എട്ടാം സീസണിലൂടെയാണ് ബ്രയാന്‍ പ്രശസ്തനാവുന്നത്. വത്തിക്കാന്റെ ലോഗോയുള്‍പ്പെടുന്ന ‘പാപ്പല്‍ നിന്‍ജാ’ എന്നെഴുതിയ മഞ്ഞ ഷര്‍ട്ടു ധരിച്ചാണ് ബ്രയാന്‍ കഴിഞ്ഞ സീസണില്‍ പ്രത്യക്ഷപ്പെട്ടത്.
മത്സരത്തിലെ അത്യധികം സാഹസികവും അപകടകരവുമായ കടമ്പകള്‍ കടക്കുന്നതിനു വേണ്ടി കഠിനമായി പരിശീലിക്കുമ്പോഴും വിശ്വാസത്തോട് കൂടി ജീവിക്കുവാന്‍ അല്‍മായ വിശ്വാസികളെ സഹായിക്കുന്ന ‘ലേ മിഷന്‍ പ്രോജക്റ്റ്’ എന്ന വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബ്രയാന്‍. പദ്ധതി ഇപ്പോള്‍ പ്രാരംഭദിശയിലാണെങ്കിലും ഇടവകകളിലും കത്തോലിക്കാ സമൂഹങ്ങളിലും തങ്ങള്‍ നടത്തിയ പ്രവര്‍ത്തനള്‍ തനിക്ക് പ്രോത്സാഹനമേകുന്നുണ്ടെന്ന് ബ്രയാന്‍ സമ്മതിക്കുന്നു. ലേ മിഷന്‍ പ്രോജക്റ്റിന്റെ അനിമേറ്റിംഗ് ഡയറക്ടറാണ് ബ്രയാന്‍. ദൈവം ദാനമായി നല്‍കിയ കഴിവുകളിലൂടെ അവിടുത്തേക്ക് നന്ദി പറയുകയാണ് ഇന്നു ബ്രയാന്‍.