News - 2025

യേശുവിന് സാക്ഷ്യം നല്‍കി ഫിലിപ്പീന്‍സില്‍ ദേശീയ അത്മായ വാരാചരണം

സ്വന്തം ലേഖകന്‍ 07-10-2017 - Saturday

മനില: യേശുവിന് സാക്ഷ്യം വഹിച്ച് മുന്നേറുക എന്ന ലക്ഷ്യത്തോടെ ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭ ‘ദേശീയ അത്മായ വാരാചരണം’ നടത്തി. മനിലയിലെ അത്മായ കമ്മീഷന്റെ തലവനും, സഹായക മെത്രാനുമായ ബ്രോഡെറിക്ക് പാബില്ലോ, ജാരോയിലെ മെത്രാപ്പോലീത്തയായ എയ്ഞ്ചല്‍ ലഗ്ദാമിയോ തുടങ്ങി നിരവധി സഭാധ്യക്ഷന്മാരും ആയിരകണക്കിന് വിശ്വാസികളും ആഘോഷത്തില്‍ പങ്കെടുത്തു.

സ്വന്തം ഓഫീസുകളിലൂടെയും, പ്രവര്‍ത്തനമണ്ഡലങ്ങള്‍ വഴിയും, സ്കൂളുകള്‍ വഴിയും നമ്മള്‍ പോകുന്ന സ്ഥലങ്ങളിലൂടെയും യേശുവിന്റെ വചനം പ്രഘോഷിക്കുന്നതിനായി കൂടുതല്‍ ഫിലിപ്പീനോ അത്മായ വിശ്വാസികള്‍ കടന്നുവരണമെന്ന്‍ വാരാചരണത്തിന്റെ സമാപന ദിവസം ഇലോയിലോ പ്രവിശ്യയില്‍ തടിച്ചുകൂടിയ ആയിരങ്ങളോട് പാബില്ലോ മെത്രാന്‍ പറഞ്ഞു.

സഭയുടെ ഇരുണ്ടദിനങ്ങളിലും സുവിശേഷ പ്രഘോഷണം വഴി പ്രേഷിതരാകുവാനാണ് ഫിലിപ്പീന്‍സിലെ കത്തോലിക്കര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഫിലിപ്പീന്‍സിലെ വെറും 5 ശതമാനത്തോളം പേര്‍ മാത്രമാണ് സജീവമായി സഭക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാ അത്മായ വിശ്വാസികള്‍ സമൂഹ നീതിയുടേയും, സമാധാനത്തിന്റേയും ചാലകശക്തികളാണ്. സഭയുടേത് മാത്രമായിരിക്കുവാന്‍ വേണ്ടിയല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയായിരിക്കുവാനാണ് കത്തോലിക്കര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുമിച്ചു നിന്നാല്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പ്രേരക ശക്തിയാകുവാന്‍ അത്മായര്‍ക്ക് കഴിയും. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് ചേര്‍ന്ന വിധം ജീവിച്ചുകൊണ്ട് ലോകത്തിനു പ്രകാശം നല്‍കുകയാണ് കത്തോലിക്കര്‍ ചെയ്യേണ്ടതെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്തീയ ജീവിതം പുറം ലോകത്ത് നിന്നും വ്യത്യസ്തമല്ലായെന്നും വിശുദ്ധിയുടെ കാര്യത്തില്‍ അത്മായര്‍ പുരോഹിതരേക്കാളും ഒട്ടുംതന്നെ പുറകിലല്ലെന്നും എയ്ഞ്ചല്‍ ലഗ്ദാമിയോ മെത്രാപ്പോലീത്ത പറഞ്ഞു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 1 വരെയായിരുന്നു ദേശീയ അത്മായ വാരാചരണം.


Related Articles »