News - 2025
അര നൂറ്റാണ്ടിനു ശേഷം കാശ്മീരില്‍ വീണ്ടും പള്ളിമണി മുഴങ്ങി
സ്വന്തം ലേഖകന്‍ 30-10-2017 - Monday
ശ്രീനഗര്‍: കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നീണ്ട അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം ദേവാലയമണി വീണ്ടും മുഴങ്ങി. കാശ്മീരിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലാണ് വീണ്ടും പള്ളിമണി മുഴങ്ങിയത്. 1967 ജൂൺ ഏഴിനുണ്ടായ തീപിടിത്തത്തില്‍ പള്ളിമണി നശിക്കുകയായിരിന്നു. അരനൂറ്റാണ്ടു കാലം മണി മുഴങ്ങിയിട്ടേയില്ല. ഹോളി ഫാമിലി കത്തോലിക്കാ പള്ളിയിൽ പുതുതായി സ്ഥാപിച്ച മണി ഇന്നലെ മുസ്‌ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യൻ നേതാക്കൾ ഒരുമിച്ചു മുഴക്കുകയായിരിന്നു.
ദേവാലയ അധികൃതർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ചടങ്ങിലേക്കു മറ്റു മതനേതാക്കളെ ക്ഷണിക്കുകയായിരുന്നു. 105 കിലോഗ്രാം ഭാരമുള്ള പുതിയ പള്ളിമണിയുടെ നാദത്തിനായി ശ്രീനഗറിലെ ഭൂരിഭാഗം കത്തോലിക്കാ വിശ്വാസികളും ദേവാലയത്തില്‍ എത്തിയിരുന്നു. 30 കുടുംബങ്ങള്‍ ചേര്‍ന്നാണ് പുതിയ മണി സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുവർഷം മുൻപു പള്ളിക്കു നേരെ അജ്ഞാതരുടെ ആക്രമണം നടന്നിരിന്നു. ശ്രീനഗറിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായ ഹോളി ഫാമിലി ചർച്ചിന് 121 വർഷത്തെ പഴക്കമുണ്ട്.