News

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ പള്ളിയില്‍ ചാവേര്‍ ആക്രമണം: എട്ടുപേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 17-12-2017 - Sunday

കറാച്ചി∙ പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ക്വറ്റ സർഗൂണ്‍ റോഡിലെ മെത്തഡിസ്റ്റ് ദേവാലയത്തിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ മുപ്പതിലധികം പേർക്കു പരുക്കുണ്ട്. ഞായറാഴ്ചത്തെ പ്രാർത്ഥനാ ചടങ്ങുകൾ നടക്കുന്നതിനിടെ ഭീകരർ പള്ളിക്കകത്ത് സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ഇരുവരും മരിച്ചു. അക്രമം നടക്കുമ്പോള്‍ മുന്നൂറോളം വിശ്വാസികള്‍ ദേവാലയത്തില്‍ ഉണ്ടായിരിന്നു.

പള്ളിയുടെ പ്രവേശന കവാടത്തിനു സമീപം ഒരു ഭീകരനെ പൊലീസ് വെടിവച്ചിട്ടെങ്കിലും മറ്റൊരാൾ പള്ളിയിലേക്കു ഓടിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിനിടെ രണ്ടു ഭീകരർ രക്ഷപ്പെട്ടെന്നും ഇവരെ പിന്തുടർന്ന് വധിച്ചുവെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

2014ലെ പെഷാവർ സ്കൂൾ ആക്രമണത്തിന്റെ മൂന്നാം വാർഷികത്തിനു തൊട്ടടുത്ത ദിവസമാണ് ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. 200 മില്യണ്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ ഒന്നര ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

രാജ്യത്തെ ക്രൈസ്തവര്‍ ഇസ്ലാം മതവിശ്വാസികളില്‍ നിന്ന് നിരവധിയായ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. 'ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ മതപീഡനങ്ങളുടെ കാര്യത്തില്‍ പാക്കിസ്ഥാന് നാലാം സ്ഥാനമാണ്.

More Archives >>

Page 1 of 262