News
ബൈബിളില്‍ വിവരിച്ചിരിക്കുന്ന പുരാതന കോറിന്തോസ് നഗരം കണ്ടെത്തി
സ്വന്തം ലേഖകന്‍ 19-12-2017 - Tuesday
ഗ്രീസ്: ബൈബിളില്‍ വിവരിച്ചിരിക്കുന്ന പുരാതന കോറിന്തോസ് നഗരം ഗവേഷകര്‍ വെള്ളത്തിനടിയില്‍ കണ്ടെത്തി. ലെച്ചായോണ്‍സ് ഹാര്‍ബര്‍ പദ്ധതിക്ക് വേണ്ടി ലെച്ചായോണ്‍സ് തുറമുഖ പ്രദേശങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഗ്രീക്ക്- ഡെന്‍മാര്‍ക്ക് പുരാവസ്തുസംഘമാണ് ബൈബിള്‍ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന ചരിത്രപരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. വിശുദ്ധ പൗലോശ്ലീഹ കോറിന്തോസ് സന്ദര്‍ശിക്കുകയും അവിടുത്തെ സഭയ്ക്കായി കത്തുകള്‍ എഴുതിയതായും പുതിയനിയമത്തില്‍ പറഞ്ഞിട്ടുണ്ട്.
1400 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വലിയ ഭൂകമ്പത്തെ തുടര്‍ന്നു നഗരം വെള്ളത്തിനടിയിലാകുകയായിരിന്നുവെന്നാണ് നിഗമനം. ഇപ്പോഴും കേടുപാടുകളില്ലാത്ത അവസ്ഥയിലാണ് തുറമുഖം. പഴയ തുറമുഖത്തിന്റെ മരത്തുണുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതില്‍ ഉള്‍പ്പെടുന്നു. കൊറിന്തോസ് നഗരത്തെ മറ്റ് വ്യാപാര ശ്രംഖലകളുമായി ബന്ധിപ്പിച്ചിരുന്ന തുറമുഖത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ബി.സി. 146-ല്‍ ഗ്രീസ് അക്രമണത്തിനിടെ റോമാക്കാര്‍ നശിപ്പിച്ചതാണ് ഈ നഗരം. പിന്നീട് ബി.സി. 44-ല്‍ ജൂലിയസ് സീസറാണ് പ്രസ്തുത നഗരം പുനര്‍നിര്‍മ്മിച്ചത്.
ഏഥന്‍സിലെ ഡാനിഷ് ഇന്‍സ്റ്റിറ്റ്യൂട്ടും, യൂണിവേഴ്സിറ്റി ഓഫ് കോപ്പന്‍ഹേഗന്‍, ഗ്രീക്ക് എഫോറേറ്റ് ഓഫ് അണ്ടര്‍ ആന്റിക്വിറ്റീസിന്റേയും സംയുക്തസരംഭമാണ് ലെച്ചായോണ്‍സ് ഹാര്‍ബര്‍ പദ്ധതി. ആശ്ചര്യപ്പെടുത്തുന്ന കണ്ടുപിടിത്തമാണ് നടന്നിരിക്കുന്നതെന്നു ഹാര്‍ബര്‍ പദ്ധതിയുടെ ഡയറക്ടറായ ബ്ജോണ്‍ ലോവെന്‍ പറഞ്ഞു. പുരാതന ഉപകരണങ്ങള്‍, കെട്ടിടങ്ങളുടേയും തകര്‍ന്ന കപ്പലുകളുടേയും അവശിഷ്ടങ്ങള്‍ തുടങ്ങിയവയെന്തെങ്കിലും കണ്ടെത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ബൈബിളിന്റെ സാധുതയെ അംഗീകരിച്ചുകൊണ്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കണ്ടുപിടിത്തവും ഈ അടുത്ത കാലത്ത് നടന്നിരിന്നു. ഇസ്രായേലിലെ പടിഞ്ഞാറന്‍ ഗലീലി മേഖലയില്‍ നടത്തിയ ഉദ്ഘനനത്തില്‍ 1600 വര്‍ഷങ്ങള്‍ പഴക്കമുള്ള മാര്‍ബിള്‍ ഫലകമാണ് കണ്ടെത്തിയത്. ഗ്രാമത്തില്‍ ദേവാലയം പണിയുന്നതിന് സഹായിച്ച ‘സോസന്‍’ എന്നോ ‘ഷോഷന്ന’ എന്നോ പേരുള്ള ഒരു സ്ത്രീയുടെ സ്മരണകുറിപ്പായിരിന്നു ഈ ഫലകം.
ലൂക്കായുടെ സുവിശേഷം 8:3-ല്‍ പറയുന്ന യേശുവിനെ അനുഗമിച്ച സ്ത്രീകളിലൊരാളായ സൂസന്ന ഈ സൂസന്ന തന്നെയെന്നാണ് കരുതപ്പെടുന്നത്. ചരിത്രപരമായ കണ്ടെത്തലുകള്‍ വഴി 4, 5 നൂറ്റാണ്ടുകളിലെ ക്രിസ്തീയ ജീവിതം എങ്ങനെയായിരുന്നു എന്നറിയുവാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.