News - 2025
ക്രൈസ്തവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്: അള്‍ജീരിയയില്‍ ക്രിസ്തുമസ് മാര്‍ക്കറ്റ് ആരംഭിച്ചു
സ്വന്തം ലേഖകന്‍ 18-12-2017 - Monday
അള്‍ജിയേഴ്സ്: ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയില്‍ വര്‍ദ്ധിച്ചുവരുന്ന ക്രിസ്ത്യാനികളുടെ എണ്ണം കണക്കിലെടുത്ത് ക്രിസ്തുമസ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. തലസ്ഥാന നഗരമായ അള്‍ജിയേഴ്സിലാണ് മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്. കാരിത്താസ് ചാരിറ്റിയാണ് ക്രിസ്തുമസ് മാര്‍ക്കറ്റിന്റെ സംഘാടകര്‍. ക്രിസ്ത്യന്‍-ഇസ്ലാമിക മൈത്രിയുടെ ഒരു വേദിയെന്ന നിലയില്‍ കാരിത്താസ് മാര്‍ക്കറ്റിന്റെ പരസ്യവും പുറത്തിറക്കിയിരുന്നു. അള്‍ജിയേഴ്സിലെ എല്‍ബിയാര്‍ ജില്ലയില്‍ തുറന്നിരിക്കുന്ന ക്രിസ്തുമസ് ചന്തയില്‍ തിരൂപിറവി രൂപങ്ങളും അലങ്കാര വസ്തുക്കളും മറ്റ് നിരവധി വസ്തുക്കളും ലഭ്യമാണ്.
വിദേശികളും ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെയുള്ള സ്വദേശികളുമായ നിരവധിയാളുകളാണ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. പണം സമ്പാദനമല്ല മാര്‍ക്കറ്റ് തുറന്നതിന് പിന്നിലുള്ള ലക്ഷ്യമെന്ന് കാരിത്താസ് അള്‍ജീരിയയുടെ ഡയറക്ടറായ മോറിസ് പില്ലൌഡ് പറഞ്ഞു. പാവപ്പെട്ട അള്‍ജീരിയക്കാരേയോ, ആഫ്രിക്കന്‍, സിറിയന്‍ കുടിയേറ്റക്കാരേയോ സഹായിക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ടെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അള്‍ജീരിയയുടെ ജനസംഖ്യയുടെ 99 ശതമാനത്തോളം സുന്നിവിഭാഗത്തിലുള്ള മുസ്ലീം വംശജരാണ്. എന്നാല്‍ സബ്-സഹാരന്‍ മേഖലകളായ മാലി, നൈജര്‍ ബുര്‍കിനാ ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ തുടര്‍ന്നു ക്രൈസ്തവരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്ളാമിക തീവ്രവാദത്തില്‍ നിന്നു കരകയറിയ അള്‍ജിയേഴ്സില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരു തീവ്രവാദിയാക്രമണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.