News
ക്രിസ്തുമസിന് പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി
സ്വന്തം ലേഖകന്‍ 19-12-2017 - Tuesday
വാഷിംഗ്‌ടണ്‍ ഡി.സി: ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്. വാഷിംഗ്‌ടണ്‍, ന്യൂയോര്‍ക്ക് സിറ്റി, ബെര്‍ലിന്‍, തുടങ്ങിയ നഗരങ്ങളില്‍ ക്രിസ്തുമസ് കാലത്ത് ആക്രമണം നടത്തുമെന്ന ഭീഷണിയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് മുഴക്കിയിരിക്കുന്നത്. ടെലഗ്രാം ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ രൂപത്തിലാണ് ഐഎസിന്റെ ഏറ്റവും പുതിയ ഭീഷണി. തീജ്വാലകള്‍ക്കിരയായികൊണ്ടിരിക്കുന്ന വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ കത്തീഡ്രലിന്റെ മുന്നില്‍ റൈഫിളുമായി നില്‍ക്കുന്ന മുഖമൂടി ധരിച്ച ജിഹാദിയുടെ ചിത്രമാണ് പ്രചരിക്കുന്ന പോസ്റ്ററുകളില്‍ ഒന്ന്.
'ക്രിസ്തുമസിന് ന്യൂയോര്‍ക്കില്‍ വെച്ച് വൈകാതെ നമുക്ക് കാണാം' എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ദേവാലയം വാഷിംഗ്ടണിലാണെങ്കിലും തലക്കെട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ന്യൂയോര്‍ക്കിനെയാണ്.
ടെലഗ്രാമിലെ ഐഎസ് അനുകൂല ചാനല്‍ വഴിയാണ് ഈ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് അമേരിക്ക ആസ്ഥാനമായ ഓണ്‍ലൈന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദി സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീതപരിപാടിക്കായി തടിച്ചുകൂടിയിരിക്കുന്ന ജനങ്ങള്‍ക്ക് നേരെ തോക്ക് ഉന്നം പിടിച്ചുനില്‍ക്കുന്ന തീവ്രവാദിയുടെ ചിത്രമടങ്ങിയ ഭീഷണി പോസ്റ്ററും ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
“വൈകാതെ തന്നെ നിങ്ങളുടെ അവധിദിവസങ്ങളില്‍ നമുക്ക് കാണാം” എന്ന തലക്കെട്ടും ചിത്രത്തോടൊപ്പമുണ്ട്. ബെര്‍ലിന് നേരെയാണ് മറ്റൊരു ഭീഷണി. തോക്കുമായി ബെര്‍ലിനിലെ ബ്രാഡന്‍ബര്‍ഗ് ഗേറ്റിന് മുന്നില്‍ നില്‍ക്കുന്ന തീവ്രവാദിയാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിലായി ജനക്കൂട്ടത്തേയും കാണാം. “ബെര്‍ലിന്‍ കത്തും” എന്നാണ് ഈ പോസ്റ്ററിന്റെ തലക്കെട്ട്. ഐഎസില്‍ നിന്നും ചോര്‍ന്ന് കിട്ടിയ ഈ പോസ്റ്ററുകളെ അതീവ ജാഗ്രതയോടെയാണ് അന്താരാഷ്ട്ര സുരക്ഷാ സേനാവിഭാഗങ്ങള്‍ നോക്കി കാണുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 11നു ന്യൂയോര്‍ക്കില്‍ സ്ഫോടനം നടന്നിരിന്നു. അകായെദ് ഉള്ളാ എന്ന യുവാവ് ശരീരത്തില്‍ കെട്ടിവച്ച പൈപ്പ് ബോംബുകളുമായി തിരക്കേറിയ റോഡില്‍ ആക്രമണം നടത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. അവിടെ ക്രിസ്തുമസ്സ് പോസ്റ്ററുകള്‍ പതിച്ചിരുന്നതിനാലാണ് അക്രമത്തിനായി ഈ സ്ഥലം തിരഞ്ഞെടുത്തതെന്നു അകായെദ് പിന്നീട് വെളിപ്പെടുത്തി.
ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു തന്റേതെന്നും അകായെദ് പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ക്രിസ്തുമസ് കാലത്ത് ചാവേര്‍ ആക്രമണ പദ്ധതികളെയും അതീവ ജാഗ്രതയോടെയാണ് പോലീസ് നോക്കികാണുന്നത്.