News - 2025
ഡൗൺ സിന്‍ഡ്രോമിന്റെ പേരില്‍ നടക്കുന്ന ഭ്രൂണഹത്യയ്ക്കെതിരെ അമേരിക്കന്‍ താരം
സ്വന്തം ലേഖകന്‍ 19-12-2017 - Tuesday
വാഷിംഗ്ടൺ: ഗർഭസ്ഥ ശിശുക്കളെ ഡൗൺ സിന്‍ഡ്രോം വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ ഭ്രൂണഹത്യയ്ക്കു ഇരയാക്കുന്നതിനെതിരെ അമേരിക്കന്‍ മോഡലും നടിയുമായ പട്രീഷ്യ ഹീറ്റൺ രംഗത്ത്. ക്രൈസ്തവർ ഇത്തരം പ്രവണതയ്ക്കെതിരെ ശബ്ദമുയർത്തണമെന്നു അവർ അഭ്യർത്ഥിച്ചു. എമ്മി അവാർഡ് ജേതാവായ പട്രീഷ, കത്തോലിക്ക പ്രസിദ്ധീകരണമായ അമേരിക്ക മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. സമൂഹത്തിലെ നിരാലംബരായവരെ സഹായിച്ച യേശുവിന്റെ മാതൃകയാണ് നാം പിന്തുടരേണ്ടത്. നമ്മുടെ ഓരോ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിക്കാനും നൈമിഷിക സുഖങ്ങൾക്കുമായി ഓടുന്നതിനിടയിൽ ജീവിതത്തിന്റെ മൂല്യമാണ് നാം നഷ്ടപ്പെടുത്തുന്നത്. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം ഓരോരുത്തരം ലൗകിക സമ്പത്തിന് പിന്നിൽ പോകുന്നത് അർത്ഥശൂന്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഗർഭസ്ഥ ശിശുക്കളും ഭ്രൂണഹത്യയ്ക്കിടയാക്കുന്നവരും തുടങ്ങി സമൂഹത്തിലെ പരിത്യക്തരെ എങ്ങനെ പരിഗണിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സമൂഹവും വിലയിരുത്തപ്പെടുന്നത് എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളും ഹീറ്റന്‍ തന്റെ സന്ദേശത്തില്‍ ഉദ്ദരിച്ചു. നേരത്തെ ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ച് മുട്ടുകുത്തിയപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നാണ് പട്രീഷ്യ ഹീറ്റൺ ട്വിറ്ററിൽ കുറിച്ചിരിന്നു. 'എവരിബഡി ലവ്സ് റയ്മണ്ട് ', 'ദി മിഡിൽ' എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ് പട്രീഷ്യ.