News - 2025
ബെംഗളൂരുവില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് പെൺകുട്ടികൾ
സ്വന്തം ലേഖകന്‍ 27-12-2017 - Wednesday
ബെംഗളൂരു: ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ ചെമ്പുകടവ് സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതിന് സമാനമായ സംഭവം ബെംഗളൂരുവിലും. ബെംഗളൂരു സെന്റ്. നോർബർട്ട് കസവനഹള്ളി ഇടവകയിലാണ് സമാനമായ സംഭവം നടന്നത്. ഇവിടെ നിന്നും തിരുവോസ്തി കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത് പെൺകുട്ടികളായിരിന്നു. ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യുന്ന ഫാ. അനീഷ് കരിമാളൂര്‍ എന്ന വൈദികനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചത്.
തിരുവോസ്തി സീകരിക്കാൻ വന്ന ഏകദേശം എട്ടോളം അപരിചിതരായ കത്തോലിക്കരല്ലാത്ത പെണ്‍കുട്ടികളെ തിരിച്ചയക്കുകയായിരിന്നുവെന്ന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സാത്താൻ സേവ സംഘം എല്ലായിടത്തും വ്യാപകമാകുന്നുവെന്നും അതിനാൽ വൈദികര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ചെമ്പുകടവില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചവരുടെ മാതാപിതാക്കള്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയെ കണ്ട് മാപ്പ് പറഞ്ഞു. തങ്ങള്‍ക്കുള്ള ഖേദം അറിയിച്ച അവര്‍ എവിടെ വന്ന് വേണമെങ്കിലും പരസ്യമായി മാപ്പ് പറയാന്‍ തയാറാണെന്നും ബിഷപ്പിനെ അറിയിച്ചു.