News - 2025

ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച് ഹംഗറിയുടെ ക്രിസ്തുമസ് സന്ദേശം

സ്വന്തം ലേഖകന്‍ 27-12-2017 - Wednesday

ബുഡാപെസ്റ്റ്: മതനിരപേക്ഷതാവാദികളായ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ഭയത്തിന്റേയും ഭീഷണിയുടേയും നടുവില്‍ ക്രിസ്തുമസ് കുര്‍ബാനയര്‍പ്പിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഹംഗറിയുടെ ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടു ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ ക്രിസ്തുമസ് സന്ദേശം. തങ്ങളുടെ ക്രിസ്തുമസ് ചിന്തകളെ പുനര്‍നാമകരണം ചെയ്യേണ്ട ഗതികേട് ഹംഗറിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വിശ്വാസം എന്ന് പറയുന്നത് ഒരു പാരമ്പര്യവും സംസ്കാരവുമാണ്. നിത്യജീവിതത്തിനാവശ്യമായ എല്ലാ സദാചാര മൂല്യങ്ങളും, ധാര്‍മ്മികതയും ക്രൈസ്തവ വിശ്വാസത്തിലുണ്ട്. യൂറോപ്പിലെ ജനങ്ങള്‍ തങ്ങളുടെ ക്രിസ്തീയ സംസ്കാരത്തെ സംരക്ഷിക്കണമെന്നും വിക്ടര്‍ ഒര്‍ബാന്‍ ആഹ്വാനം ചെയ്തു. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ദൈവകല്‍പ്പനയുടെ ചുവടുപിടിച്ച് അഭയാര്‍ത്ഥികളെ ഹംഗറിയില്‍ വാസമുറപ്പിക്കുവാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയും അദ്ദേഹം തന്റെ സന്ദേശത്തില്‍ പങ്കുവെച്ചു.

'സ്വയം സ്നേഹിക്കണമെന്ന' ഈ കല്‍പ്പനയുടെ രണ്ടാം പകുതിയെക്കുറിച്ച് തന്നെ വിമര്‍ശിക്കുന്നവര്‍ ചിന്തിക്കുന്നില്ല. സ്വയം സ്നേഹിക്കണമെന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വന്തം രാജ്യത്തേയും, രാഷ്ട്രത്തേയും, കുടുംബത്തേയും, സംസ്കാരത്തേയും, യൂറോപ്യന്‍ സംസ്കാരത്തേയും സ്നേഹിക്കണം എന്നതാണ്. അഭയാര്‍ത്ഥി പ്രവാഹത്തെ അനുകൂലിക്കുന്ന ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് യൂറോപ്യന്‍ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ ദേവാലയത്തില്‍ പോവുകയോ പോകാതിരിക്കുകയോ ചെയ്യും, ഞങ്ങള്‍ പോകുന്ന ദേവാലയവും കാര്യമാക്കേണ്ടതില്ല. പക്ഷേ കര്‍ട്ടനു പുറകില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല'. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തെ സംരക്ഷിക്കുകയെന്നതാണ് യൂറോപ്യന്‍ ഗവണ്‍മെന്റുകളുടെ പുതിയ ദൗത്യം. യൂറോപ്പിന്റെ സാംസ്കാരിക പ്രതിരോധ സംവിധാനമായ ക്രൈസ്തവ വിശ്വാസത്തെ ക്ഷയിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് മുന്നറിയിപ്പ്‌ നല്‍കുവാനും ഹംഗറിയുടെ പ്രധാനമന്ത്രി മറന്നില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ സംരക്ഷണം കുടുംബങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സ്വന്തം ദേശമായ യൂറോപ്പിന്റെ പ്രതിരോധത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു,

More Archives >>

Page 1 of 266