News - 2025
അമേരിക്കന്‍ പ്രസിഡന്‍റ് 'ക്രിസ്തുമസ്' പദം ഉപയോഗിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് ഫ്രാങ്ക്ളിൻ ഗ്രഹാം
സ്വന്തം ലേഖകന്‍ 27-12-2017 - Wednesday
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അവധിക്കാലത്തെ ക്രിസ്തുമസ് എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്ളിൻ ഗ്രഹാം. ക്രിസ്തുമസ്സ് കാലത്ത് 'സന്തോഷകരമായ അവധിദിനാശംസകള്‍' (Happy Holidays) എന്ന് ആശംസിക്കുന്നതിനു പകരം 'ആനന്ദകരമായ ക്രിസ്തുമസ്സ് ആശംസകള്‍' (Merry Christmas) എന്നാണ് ട്രംപ് ആശംസിച്ചത്. ഇതിലുള്ള സന്തോഷമാണ് ഫ്രാങ്ക്ളിൻ ഗ്രഹാം, ഞായറാഴ്ച ഫോക്സ് ന്യൂസ് ചാനലിലൂടെ പ്രകടിപ്പിച്ചത്.
സ്വപുത്രനെ തന്നെ ലോകത്തിന് നൽകിയ ദൈവപിതാവിന്റെ സ്നേഹത്തിന്റെ അനുസ്മരണമാണ് ഓരോ ക്രിസ്തുമസ്സെന്നു അദ്ദേഹം പറഞ്ഞു. യേശുവിന്റെ നാമം പ്രഘോഷിക്കുന്നതിൽ പ്രസിഡന്റ് ട്രംപ് കാണിക്കുന്ന തീക്ഷണതയും മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന മനോഭാവവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
ഈശോയുടെ ജനനത്തിന്റെ ആഘോഷവേളയായ ക്രിസ്തുമസിന്റെ പ്രാധാന്യം ട്രംപ് ഓരോ തവണയും പ്രഘോഷിക്കുന്നതും സുവിശേഷ സാക്ഷ്യമാണെന്നും ഫ്രാങ്ക്ളിൻ ഗ്രഹാം കൂട്ടിച്ചേർത്തു. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാമിന്റെ മകനും ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റുമാണ് ഫ്രാങ്ക്‌ളിന്‍ ഗ്രഹാം.