News - 2025

സിറിയയില്‍ വീണ്ടും ദേവാലയ മണികള്‍ മുഴങ്ങി

സ്വന്തം ലേഖകന്‍ 28-12-2017 - Thursday

ഡമാസ്ക്കസ്: മദ്ധ്യപൂര്‍വ്വദേശത്തു തിരുപ്പിറവി വിളിച്ചോതിക്കൊണ്ട് വീണ്ടും ദേവാലയ മണികള്‍ മുഴങ്ങി. യുദ്ധവും കലാപവും ഭീകരപ്രവര്‍ത്തനങ്ങളും മൂലം നാളുകളായി നിശ്ശബ്ദമായിരുന്ന രാജ്യത്തു, ക്രിസ്തുമസ് നാളില്‍ തിരുപ്പിറവിയുടെ ആനന്ദം വിളിച്ചോതിക്കൊണ്ടാണ് ദേവാലയ മണികള്‍ മുഴങ്ങിയത്. സിറിയന്‍ കത്തോലിക്കാ സഭയുടെ അന്ത്യോക്ക്യായിലെയും ആകമാന സിറിയയുടെയും പാത്രീയാര്‍ക്കിസ് ഇഗ്നേഷ്യസ് എഫ്രേം യുസഫ് ത്രിദീയനാണ് സന്തോഷത്തിന്റെ സദ്വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

ക്രിസ്തുമസിന്റെ സന്തോഷം വീണ്ടും സമാഗതമായെന്നും മദ്ധ്യപൂര്‍വ്വദേശത്തും, ലോകത്തെ ഇതര ഭാഗങ്ങളിലും ജീവിക്കുന്ന വിശ്വാസികള്‍ക്ക് അയച്ച ക്രിസ്തുമസ് സന്ദേശത്തില്‍ പാത്രീയാര്‍ക്കിസ് യൂസഫ് പ്രസ്താവിച്ചു. നിനവേ താഴ്വാരത്തും കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലും ഇറാഖിന്‍റെ മറ്റുഭാഗങ്ങളിലുമുള്ള ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും, വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും സാധിക്കുന്നത് ഭീകരരുടെ താവളങ്ങള്‍‍ പിടിച്ചടക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള സിറിയന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം ശ്രമകരമാണ്.

പുതുതലമുറയ്ക്ക് സമാധാനപൂര്‍ണ്ണരായി ജീവിക്കാനും, ഭൂമിയെയും പരിസ്ഥിതിയെ സംരക്ഷിക്കാനും വളര്‍ത്താനും സാധിക്കുന്നൊരു സംസ്ക്കാരം സിറിയന്‍ പ്രവിശ്യയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2018 ജൂലൈ 17-മുതല്‍ 22-വരെ രാജ്യന്തര തലത്തിലുള്ള സിറിയന്‍ യുവതയുടെ രാജ്യാന്തര സംഗമം ലബനോനില്‍ സംഗമിക്കുമെന്നും പാത്രീയാര്‍ക്കിസ് യൂസഫ് പ്രസ്താവിച്ചു. “വന്നു കാണുക” എന്ന പേരിലാണ് സംഗമം നടക്കുക.

More Archives >>

Page 1 of 266