News - 2025
2017-ല്‍ ഇരുപത്തിമൂന്ന് മിഷ്ണറിമാര്‍ വധിക്കപ്പെട്ടതായി വത്തിക്കാൻ
സ്വന്തം ലേഖകന്‍ 29-12-2017 - Friday
വത്തിക്കാൻ സിറ്റി: 2017-ൽ കുറഞ്ഞത് ഇരുപത്തി മൂന്ന് സുവിശേഷപ്രവർത്തകർ വധിക്കപ്പെട്ടതായി വത്തിക്കാൻ ഏജൻസിയുടെ റിപ്പോർട്ട്. നൈജീരിയായിലും മെക്സിക്കോയിലുമാണ് ക്രൂരമായ രീതിയിൽ സന്യസ്ഥർ വധിക്കപ്പെട്ടത്. കൊല ചെയ്യപ്പെട്ടവരിൽ പതിമൂന്ന് വൈദികരും, ഒരു ഡീക്കനും ഒരു സന്യാസിനിയും എട്ട് അല്‍മായരും ഉൾപ്പെടുന്നു. 2016 ലെ കണക്കുകൾ പ്രകാരം 28 പേരാണ് കൊല്ലപ്പെട്ടത്. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി നടത്തുന്ന 'എജന്‍സിയാ ഫിഡ്സ്' എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
തുടർച്ചയായി ഒൻപതാം വർഷവും കത്തോലിക്ക മിഷ്ണറിമാരുടെ മരണത്തിൽ അമേരിക്കൻ ഭൂഖണ്ഡമാണ് മുന്നില്‍. 2017ൽ പതിനൊന്ന് പേർ മരണമടഞ്ഞതിൽ നാലു പേർ മെക്സിക്കോയിലാണ് ആക്രമിക്കപ്പെട്ടത്. ആഫ്രിക്കയിൽ പത്ത് സുവിശേഷ പ്രവർത്തകരും ഏഷ്യൻ ഭൂഖണ്ഡത്തില്‍ രണ്ടു പേരും കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചു പേര്‍ നൈജീരിയായിൽ ശുശ്രൂഷ ചെയ്തവരും രണ്ട് പേര്‍ ഫിലിപ്പീന്‍സില്‍ ശുശ്രൂഷ ചെയ്തവരുമാണ്.
സംസ്ക്കാരിക മൂല്യച്യുതിയുടെ ഭാഗമായുള്ള ആക്രമണങ്ങൾക്കിടയിലും മോഷണശ്രമങ്ങൾക്കിടയിലും വധിക്കപ്പെട്ടവരാണ് ഇവരിലേറെയും. ഔദ്യോഗിക രേഖപ്രകാരം വധിക്കപ്പെട്ടവരുടെ എണ്ണമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അനൌദ്യോഗികമായി സംഖ്യ വര്‍ദ്ധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സന്യസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളിൽ പോലീസ് അന്വേഷണം ശക്തമല്ലായെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരേയും സന്ന്യസ്തരേയും തീവ്രവാദ സംഘടനകൾ തട്ടികൊണ്ടു പോകുന്നതിലുള്ള ആശങ്കയും റിപ്പോർട്ടിൽ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ തടവിൽ തുടരുന്ന സന്യസ്ഥരുടെ സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഫിഡ്സ് റിപ്പോർട്ട് പ്രകാരം 2000 മുതൽ 2016 വരെയുള്ള കാലയളവിൽ 424 കത്തോലിക്ക മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചു ബിഷപ്പുമാരും ഉള്‍പ്പെടുന്നു.