News - 2025
'യുദ്ധത്തിന്റെ ഫലം' ഓര്‍മ്മിപ്പിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 01-01-2018 - Monday
വത്തിക്കാന്‍ സിറ്റി: പുതുവത്സരത്തലേന്ന് ആണവ വിപത്തിനേയും യുദ്ധത്തിന്റെ ഫലത്തെയും ഓര്‍മിപ്പിച്ച് കൊണ്ട് ഫ്രാന്‍സിസ് പാപ്പ. യുദ്ധം വരുത്തുന്ന നഷ്ട്ടം ചൂണ്ടികാണിച്ചുള്ള ചിത്രം വിതരണം ചെയ്യുവാന്‍ പാപ്പ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കുകയായിരിന്നു. അമേരിക്കന്‍ സൈനികന്‍ ജോസഫ് റോജര്‍ ഒഡോണല്‍ പകര്‍ത്തിയ ചിത്രത്തില്‍ നാഗസാക്കിയില്‍ കൊല്ലപ്പെട്ട കുഞ്ഞനുജന്റെ മൃതദേഹം തോളിലേറ്റി ശ്മശാനത്തില്‍ ഊഴം കാത്തുനില്‍ക്കുന്ന ബാലന്റെ ദൃശ്യമാണ് ഉള്ളത്. കാര്‍ഡിന്റെ മറുപുറത്ത് 'യുദ്ധത്തിന്റെ ഫലം' എന്നെഴുതി മാര്‍പാപ്പയുടെ ഒപ്പും ഉണ്ട്.
ഇതിന് മുന്നെയും ന്യൂക്ലിയര്‍ ആയുധ നിരോധനത്തിനായി ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു. 'ആണവായുധങ്ങളെ 'മാനവസമൂഹത്തിന്‍റെ ആത്മഹത്യയിലേയ്ക്കുള്ള അപകടസാധ്യത' എന്നാണു ഫ്രാന്‍സിസ് പാപ്പാ പല സന്ദര്‍ഭങ്ങളിലും വിശേഷിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആണവായുധരഹിത ലോകത്തിനു വേണ്ടിയുള്ള തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമായി വത്തിക്കാന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സമ്മേളനം നടത്തിയിരിന്നു.